അറിയിപ്പുകള്‍
ഒരുലിറ്റര്‍ കുപ്പിവെള്ളത്തിന് 13രൂപ; വില കുറച്ച് സര്‍ക്കാര്‍ ഉത്തരവായി

12/02/2020
സംസ്ഥാനത്ത് വില്‍ക്കുന്ന ഒരുലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചു. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്നു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

നികുതി ഉള്‍പ്പെടെ 8 രൂപയ്ക്ക് ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്ന ഒരുലിറ്റര്‍ കുടിവെള്ളമാണ് കച്ചവടക്കാര്‍ 20 രൂപയ്ക്ക് വില്‍പ്പന നടത്തുന്നത്. സംസ്ഥാനത്ത് 220 ശുദ്ധജല പ്ലാന്റുകളാണ് നിലവിലുള്ളത്. ഓരോ കമ്പനിയും ശരാശരി 5000 ലിറ്റര്‍ കുപ്പിവെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്. 200 അനധികൃത കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് കണക്ക്. സോഡ നിര്‍മാണത്തിനുള്ള ലൈസന്‍സ് നേടിയ ശേഷമാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

കുപ്പിയുടെ നിലവാരം കൃത്യമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ അനധികൃതമായി നിര്‍മിക്കുന്നവ നിര്‍ത്തലാകും എന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ എത്തിച്ചാണ് വില നിര്‍ണയിച്ചത്.

Share this post: