Top News
കോവിഡ് 19: ജില്ലയിലെ ഓഡിറ്റോറിയങ്ങള്‍, കല്ല്യാണ മണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയവക്ക് നിരോധനം

14/03/2020
മലപ്പുറം:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കൂടുതല്‍ നിര്‍ദേശങ്ങളുമായി ഉത്തരവിറക്ക പ്രതിി. ജില്ലയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കല്ല്യാണ മണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം മാര്‍ച്ച് 31 വരെ നിരോധിച്ചു. നിരോധനം മറികടന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിക്കണം. കലാ കായിക സാംസ്‌കാരിക പരിപാടികള്‍, ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ എന്നിവയും ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനവും മാര്‍ച്ച് 31 വരെ നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

വിവാഹം, സല്‍ക്കാരങ്ങള്‍ തുടങ്ങിയ പൊതു പരിപാടികള്‍ പരമാവധി ഒഴിവാക്കണം. ഒഴിച്ചുകൂടാനാവാത്ത ചടങ്ങുകള്‍ പരമാവധിയാളുകളെ കുറച്ച് നടത്തണം. ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, പെരുന്നാളുകള്‍, ഘോഷയാത്രകള്‍, കൂട്ട പ്രാര്‍ഥനകള്‍, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ നാമമാത്രമായ ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങു മാത്രമായി നടത്തണം. ഇതുസംബന്ധിച്ച് തഹസില്‍ദാര്‍മാര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ ചര്‍ച്ച നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് 19 സംബനധിച്ച് ആരോഗ്യ വകുപ്പ് അംഗീകരിച്ച ആരോഗ്യ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങള്‍, വാര്‍ത്താ മാധ്യമങ്ങള്‍, മൈക്ക് പ്രചരണം, ലഘുലേഖ വിതരണം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. ശുചിത്വം ഉറപ്പു വരുത്താനും ശ്രദ്ധിക്കണം. ഭക്ഷണശാലകള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വം ബന്ധപ്പെട്ട സ്ഥാപന മേധാവികളും ഉടമകളും ഉറപ്പു വരുത്തണം.

ആയുര്‍വേദ കേന്ദ്രങ്ങള്‍, ഉഴിച്ചില്‍ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ധ്യാന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെത്തുന്ന വിദേശ പൗരന്മാരുടെ വിവരങ്ങള്‍ ഉടന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കും. വിദേശ പൗരന്മാര്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും യാത്ര ചെയ്യുന്നതില്‍ നിന്നും ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ വിലക്കണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് വാര്‍ഡ് അംഗങ്ങള്‍ ഉറപ്പുവരുത്തണം. ഇങ്ങനെ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.
വിദേശത്തു നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും എത്തുന്നവര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരനും വാഹന ഡ്രൈവറും മാത്രമെ വിമാനത്താവളത്തിനകത്തേക്കു പ്രവേശിക്കാവൂ. യാത്രക്കാര്‍ കൂട്ടം കൂടി നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കും. കോവിഡ് 19 സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഉച്ചഭാഷിണിയിലൂടെ അറിയിക്കും.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഏജന്റുമാരെ ഉപയോഗിച്ചും അവരുടെ ഭാഷയില്‍ ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കാന്‍ തൊഴില്‍ വകുപ്പിനു നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ജോലി ചെയ്യുന്ന കേന്ദ്ര-സംസ്ഥാന ജീവനക്കാരും സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവരും മറ്റു ജില്ലകള്‍, സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും കര്‍ശനമായി പാലിക്കാന്‍ പൊലീസ്, തദ്ദേശസ്വയംഭരണം, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാര്‍ ജാഗ്രത പാലിക്കണം.

Share this post: