അറിയിപ്പുകള്‍
പുലാമന്തോളും മാറഞ്ചേരിയും ജില്ലയിലെ മികച്ച പഞ്ചായത്തുകൾ

16/02/2020
തിരുവനന്തപുരം:മികച്ച തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ്‌ ട്രോഫി പുലാമന്തോൾ ഗ്രാമ പഞ്ചായത്തിനും രണ്ടാം സ്ഥാനം മാറഞ്ചേരിക്കും ലഭിച്ചു. തുടർച്ചയായ നാലാം വർഷമാണ് പുലാമന്തോളിന് പുരസ്ക്കാരം ലഭിക്കുന്നത്. കാർഷികം, ആരോഗ്യം, കുടുംബശ്രീ, പഞ്ചായത്ത്‌ ഓഫീസിന്റെ പ്രവർത്തനം, ഭിന്നശേഷി കുട്ടികളുടെ പരിചരണം എന്നീ മേഖലകളിൽ 2018–-19 സാമ്പത്തിക വർഷം നടത്തിയ മികച്ച പ്രവർത്തനത്തിനാണ്‌ പുരസ്‌കാരം.

സംസ്ഥാന തലത്തിൽ കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനെ മികച്ച ബ്ലോക്ക് പഞ്ചായത്തായയും തിരഞ്ഞെടുത്തു. തിരുവനന്തപുരമാണ് മികച്ച ജില്ലാ പഞ്ചായത്ത്.തദ്ദേശ സ്വയംഭരണമന്ത്രി എ.സി. മൊയ്തീനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ജില്ലാ തലത്തിൽ അവാർഡ് നേടിയ ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം പത്ത് ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം പ്രത്യേകം ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. പുരസ്കാരം ഈ മാസം 18 നും 19 നും വയനാട് വൈത്തിരിയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ വിതരണം ചെയ്യും.

Share this post: