കേരളം
ആളിക്കത്തുമായിരുന്ന വൈകാരികതയെ സംയമനത്താല്‍ പിടിച്ച് നിര്‍ത്തിയത് ശിഹാബ് തങ്ങള്‍: പി കെ കുഞ്ഞാലിക്കുട്ടി

06/12/2017
മതേതര ഇന്ത്യ നേരിട്ട മഹാ ദുരന്തം കഴിഞ്ഞ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ കടന്ന് പോയിരിക്കുന്നു. രാജ്യത്തിന്റെ മതേതര പാരന്പര്യത്തില്‍ നിന്നും അതിലുമെത്രയോ ഇരട്ടി നാം അകന്നു പോയി. രാഷ്ട്രപിതാവിന്റെ വധത്തിനു ശേഷം രാജ്യം നേരിട്ട രണ്ടാം ദുരന്തമെന്നാണ് ആ കറുത്ത ദിനത്തെ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ വിശേഷിപ്പിച്ചിരുന്നത്.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഡിസംബര്‍ ആറിന് തകര്‍ക്കപ്പെട്ടത് ഒരു മസ്ജിദിന്റെ താഴികക്കുടങ്ങള്‍ മാത്രമായിരുന്നില്ല. രാജ്യത്തിന്റെ പാരന്പര്യവും ഭരണഘടനയുമൊക്കെ കാത്തു സൂക്ഷിച്ചു സംരക്ഷിച്ചു പോന്ന വിശുദ്ധ സങ്കല്‍പങ്ങളുടെ പ്രതീകങ്ങള്‍ കൂടിയായിരുന്നു. ഭരണഘടനയുടെ സൗന്ദര്യത്തിനു മേല്‍ മുഖമടച്ച് അടി കിട്ടിയ ആ ദിവസം ഭരണഘടനാ ശില്‍പി ഡോ. അംബേദ്കറുടെ വിയോഗത്തിന്റെ ഓര്‍മ്മ ദിവസം കൂടിയായിരുന്നു എന്നത് കേവല യാദൃശ്ചികതയല്ല.
ആളിക്കത്തുമായിരുന്ന ആ വൈകാരികതയെ സര്‍വ്വനാശത്തിലേക്ക് തള്ളി വിടാതെ സംയമനം കൊണ്ട് നേരിടാന്‍ ആഹ്വാനം ചെയ്ത എന്റെ പ്രിയപ്പെട്ട തങ്ങള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്റെ ജീവിതം കൊണ്ട് നല്‍കിയ സന്ദേശം തന്നെയാണ് കലുഷിതമായ ഈ കാലത്തും നമുക്ക് മുറുകെ പിടിക്കാനുള്ളത്. സഹിഷ്ണുതയുടെ ജീവനമാണ് അത് നമുക്ക് പകര്‍ന്നു തന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയില്‍ അക്രമികള്‍ക്കെതിരായി രാജ്യത്തെ ഭൂരിപക്ഷ സമുദായം രംഗത്ത് വന്നിരുന്നത് നമുക്ക് വിസ്മരിച്ച് കൂടാ… ഫാഷിസത്തെ ചെറുത്തു നില്‍ക്കാന്‍ അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെയും നാം വില മതിക്കേണ്ടതുണ്ട്. സുഹറയുടെ കയ്യില്‍ നിന്നും പേന പിടിച്ചു വാങ്ങി ‘തര്‍ക്ക മന്ദിരം തകര്‍ത്തു’ എന്ന തല വാചകം വെട്ടി ‘ ബാബറി മസ്ജിദ് തകര്‍ത്തു ‘ എന്ന് പത്രത്തിന്റെ മുഖവാചകമെഴുതിയ എന്‍ എസ് മാധവന്റെ ‘തിരുത്ത്’ എന്ന ചെറുകഥയിലെ ചുല്യാറ്റ് എന്ന പത്രാധിപരെ നമുക്കോര്‍മ്മയുണ്ട്. ആ കഥാപാത്രത്തെ അനേകായിരം മനുഷ്യരുടെ ജീവിതങ്ങളിലൂടെ രാജ്യം പിന്നീട് കാണുകയുണ്ടായി. തെരുവുകളില്‍ പശുവിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്‌പോള്‍ ‘നോട്ട് ഇന്‍ മൈ നെയിം’ എന്ന രാജ്യം കണ്ട വലിയ കാമ്പെയ്‌നിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങളായിരുന്നു. അതിന് തുടക്കം കുറിച്ചത് ഒരു പത്രപ്രവര്‍ത്തകനും.
രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും സഹിഷ്ണുതാ വാദികളാണെന്ന യാഥാര്‍ത്ഥ്യം നമുക്ക് നല്‍കുന്നത് പ്രതീക്ഷകള്‍ തന്നെയാണ്.ജുഡീഷ്യറിയിലെ വിശ്വാസം നാം കാത്തു സൂക്ഷിക്കുന്നു. സമാധാനപരമായ ഒരു പരിഹാരം ബാബറി മസ്ജിദ് വിഷയത്തില്‍ ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം

Share this post: