കേരളം
കെഎം ഷാജിയെ അയോഗ്യനാക്കി, അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി

09/11/2018

കൊച്ചി: അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആറ് വര്‍ഷത്തേക്കാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിന്നാണ് ഷാജിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന കേസിലാണ് വിധി. അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിം ലീഗിന്റെ നിയമസഭാ അംഗമായിരുന്ന ഷാജിക്ക് ഇനി ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഉത്തരവ് വന്ന നിമിഷം മുതല്‍ എംഎല്‍എ എന്ന നിലയിലുള്ള എല്ലാ ആനുകൂല്യങ്ങളും കെഎം ഷാജിക്ക് നഷ്ടമായി.

ഈ സാഹചര്യത്തില്‍ അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ്‌കുമാറിന്റെ പരാതിയിലാണ് നടപടി. നടപടിയെടുക്കാന്‍ സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Share this post: