Main News
കോൺഗ്രസ് നേതാവ് ജി.രാമൻനായർ ബിജെപിയിലേക്ക്

26/10/2018
കോണ്‍ഗ്രസ് നേതാവും തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ ജി.രാമൻനായർ ബിജെപിയില്‍ ചേരും. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി രാമൻനായർ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.

അടുത്തിടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത രാമൻനായരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് ബിജെപിയില്‍ ചേരാന്‍ രാമൻനായർ തീരുമാനിച്ചത്. രണ്ടു ദിവസത്തിനകം ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നറിയുന്നു.

അടുത്ത ദിവസം കേരളത്തിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഔദ്യോഗികമായി രാമന്‍ നായര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കുമെന്ന് അറിയുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും തനിക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ജി.രാമന്‍നായര്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്ന നിലയിലാണ് ശബരിമല വിഷയത്തിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. ഇതിനായി കോണ്‍ഗ്രസ് അവസരം തന്നില്ലെങ്കില്‍ ബി.ജെ.പിയിലേക്ക് പോവുകയല്ലാതെ മറ്റ് മാര്‍ഗമില്ല.

ഇതിനോടകം തന്നെ ബി.ജെ.പി നേതാക്കന്മാരുമായി രാമൻ നായർ  ചര്‍ച്ച നടത്തിക്കഴിഞ്ഞു. അവര്‍ തന്നെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്‌തിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ തന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share this post: