കേരളം
നാല് കോടിയുടെ സമ്മാനവുമായി ഗ്രേറ്റ‌് കേരള ഷോപ്പിങ‌് ഉത്സവം

01/11/2018

കൊച്ചി: രാജ്യചരിത്രത്തിൽ ആദ്യമായി ഒരുസംസ്ഥാനത്തെ മാധ്യമങ്ങൾ ഒരുമിച്ചുചേർന്ന് ഒരുക്കുന്ന ഷോപ്പിങ് മാമാങ്കമായ ഗ്രേറ്റ‌് കേരള ഷോപ്പിങ‌് ഉത്സവത്തിന‌് 15നു തുടക്കമാകും. ഒരുമാസത്തെ ഷോപ്പിങ് മാമാങ്കത്തിൽ കേരളത്തിലെ എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും പങ്കെടുക്കാം.

നവംബർ 15 മുതൽ ഡിസംബർ 16 വരെ ഷോപ്പിങ് നടത്തുന്നവരിലെ ഭാഗ്യശാലികൾക്ക‌് നാലുകോടി രൂപയുടെ സമ്മാങ്ങൾ നൽകും. ഒരുകോടി രൂപയുടെ ഫ്ലാറ്റാണ് മെഗാസമ്മാനം. 1000 രൂപയ്‌ക്കോ അതിൽ കൂടുതൽ തുകയ്‌ക്കോ സാധനങ്ങൾ വാങ്ങുന്നവർക്കാണ‌് മെഗാ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം. പ്രത്യേക വാട്‌സാപ് നമ്പരിലേക്ക് സാധനങ്ങൾ വാങ്ങിയ ബില്ലിന്റെ ചിത്രം അയയ‌്ക്കണം. ഇതിനു മറുപടിയായി ലഭിക്കുന്ന സന്ദേശത്തിൽ പേരും വിലാസവും മൊബൈൽനമ്പരും രേഖപ്പെടുത്തി നൽകണം. ഇതുപയോഗിച്ചാകും നറുക്കെടുപ്പ‌്. വാട‌്സാപ‌് നമ്പർ പിന്നീട‌് അറിയിക്കും. എല്ലാ ദിവസവും വിജയികളെ പ്രഖ്യാപിക്കും. ഗൃഹോപകരണങ്ങൾ, ഗിഫ‌്റ്റ‌് കാർഡുകൾ, ഗിഫ‌്റ്റ‌് വൗച്ചറുകൾ, ഗിഫ‌്റ്റ‌് ഹാംപറുകൾ തുടങ്ങിയ സമ്മാനങ്ങളാണ‌് ദിനംപ്രതി ലഭിക്കുക.

പ്രളയം തകർത്ത കേരളത്തെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യംകൂടി മേള നടത്തിപ്പിനു പിന്നിലുണ്ടെന്ന് സംഘാടകർ പറഞ്ഞു. കേരളത്തിന്റെ വ്യാപാരരംഗം പ്രളയത്തെ അതിജീവിച്ച് സാധാരണനിലയിലെത്തിയെന്ന് ലോകത്തോട് വിളിച്ചുപറയാനുള്ള അവസരം കൂടിയാകും ഷോപ്പിങ് മാമാങ്കം. ആഗസ‌്തിൽ ഓണത്തിന്റെ ഷോപ്പിങ് അനുഭവം നഷ്ടമായവർക്ക് പുതിയൊരു ഉത്സവകാലം കൂടിയായിരിക്കുമിത്. മികച്ച വാഗ്ദാനങ്ങളാണ‌് ചില്ലറ, -മൊത്ത വ്യാപാരികൾ നൽകുക. 25 കോടി രൂപയുടെ പരസ്യ ഇടമാണ‌് മാധ്യമസ്ഥാപനങ്ങൾ ഗ്രെയ്റ്റ് ഷോപ്പിങ് ഉത്സവത്തിനായി നൽകുന്നത‌്. നടൻ മമ്മൂട്ടി ഗ്രേറ്റ‌് കേരള ഷോപ്പിങ് ഉത്സവത്തിന്റെ ലോഗോ കൊച്ചിയിൽ പ്രകാശനംചെയ്തു.

Share this post: