കേരളം
നാളെ മുതല്‍ കൂടിയ വിലക്ക് കുടിക്കേണ്ടിവരും; വിദേശമദ്യത്തിന് വില കൂട്ടി

01/11/2017
മലപ്പുറം: കുടിയന്‍മാരെ നിരാശരാക്കി വിദേശമദ്യത്തിന്റെ വില നാളെ മുതല്‍ കൂടും. മദ്യകമ്പനികള്‍ക്ക് എഴുശതമാനം വില കൂട്ടിനല്‍കാനുള്ള ബിവറേജസ് കോര്‍പറേഷന്‍ തീരുമാനത്തെത്തുടര്‍ന്നാണു സംസ്ഥാനത്തെ ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ വില കൂടുന്നത്. ജനപ്രിയബ്രാന്‍ഡുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 30 രൂപ മുതല്‍ 80 രൂപ വരെകൂടും. പ്രീമിയം ഇനങ്ങള്‍ക്ക് ഇതില്‍ കൂടുതലാണു വര്‍ധന.
ചില്ലറവില്‍പനശാലകളുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലുണ്ടായ ഇടിവു നികത്താന്‍ ബെവ്‌കോ കഴിഞ്ഞവര്‍ഷം മദ്യവില കൂട്ടിയിരുന്നു. 2011ലാണ് മദ്യ കമ്ബനികള്‍ക്ക് ബിവറേജസ് കോര്‍പറേഷന്‍ ഒടുവില്‍ വില കൂട്ടി നല്‍കിയത്. അതിനുശേഷം നിരവധി തവണ വിലകൂട്ടണമെന്ന ആവശ്യം കമ്ബനികള്‍ ഉന്നയിച്ചിരുന്നു.
100 മദ്യകമ്ബനികളാണ് ബെവ്‌കോയുമായി മദ്യം നല്‍കാനുള്ള കരാറിലേര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം 120 കമ്പനികള്‍ ടെന്‍ഡര്‍ നല്‍കാനെത്തി. കരാര്‍പ്രകാരം ഓരോ ഇനത്തിനും നിശ്ചയിക്കുന്ന വിലയും(ലാന്‍ഡിങ് െ്രെപസ്) അതിനൊപ്പം 200 ശതമാനത്തോളം നികുതിയും ഉള്‍പ്പെടുന്നതാണ് ചില്ലറ വില്‍പ്പന ശാലകളിലെ വില. ഇതിനൊപ്പം വീണ്ടും മാര്‍ജിനിട്ടാണ് ബാറുകളില്‍ മദ്യം വില്‍ക്കുന്നത്. വിലവര്‍ധനയോടെ ബിവറേജസ് കോര്‍പറേഷന്റെ വരുമാനത്തിലും ഗണ്യമായ വര്‍ധനയുണ്ടാവും.
നിലവില്‍ പ്രതിദിനം 34 മുതല്‍ 35 കോടിരൂപ വരെയാണ് ബെവ്‌കോയുടെ വിറ്റുവരവ്. ചില്ലറ വില്‍പനശാലകള്‍ വഴിയുള്ള വരുമാനം 28 കോടിയോളം വരും. വെയര്‍ ഹൗസുകളില്‍നിന്ന് ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനുമുള്ള മൊത്തവില്‍പന വഴി 67 കോടിരൂപ ലഭിക്കുന്നുണ്ട്. 2016 17 വര്‍ഷത്തെ വാര്‍ഷിക വരുമാനം 12,137 കോടിരൂപയായിരുന്നു.

Share this post: