കേരളം
ശബരിമല: അറസ്റ്റ് രണ്ടായിരം കടന്നു. പോലീസ് നടപടി തുടരുന്നു.

26/10/2018

കോഴിക്കോട്: ശബരിമലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ അറസ്റ്റ് രണ്ടായിരം കടന്നു. ഇതുവരെ 2061 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ രാത്രി മാത്രം 700 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 452 കേസുകളിലായിട്ടാണ് അറസ്റ്റ് നടന്നിരിക്കുന്നത്. നിലവില്‍ അറുനൂറ് പേരോളം റിമാന്‍ഡിലായി.

പോലീസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായതില്‍ ഭൂരിഭാഗവും സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരാണ്. ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കുന്നത്. മലപ്പുറം ജില്ലയിൽ നിന്ന് ഇന്നലെ വരെ 130 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇത് കൂടാതെ ഫേസ്ബുക്കില്‍ വ്യജപ്രചരണം നടത്തിയ കുറ്റത്തിനും പോലീസ് നടപടി തുടരുകയാണ്. അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്തത് ഉള്‍പ്പടെ വിവിധ കുറ്റങ്ങളും ചുമത്തിയിരുന്നു. ആയുധങ്ങളുമായി സംഘം ചേര്‍ന്നു, പൊതുമുതല്‍ നശിപ്പിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു, ശരണപാതയില്‍ യുവതികളെ തടഞ്ഞത്, ഹര്‍ത്താലിന്റെ ഭാഗമായുള്ള ആക്രമണം, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

Share this post: