കേരളം
സര്‍ക്കാരും മന്ത്രിയും അറിയാതെ ഉത്തരവിറക്കിയ മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര ചിലവ്: റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടി


തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ച് വ്യക്തത വരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ്. യാത്രക്കായി ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും തുക നീക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസറിഞ്ഞുകൊണ്ടല്ല. ഇക്കാര്യം അറിഞ്ഞ ഉടന്‍ തന്നെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

നിയമപരമായി യാത്ര അനുവദനീയമാണെങ്കിലും എല്‍ഡിഎഫ് നയമല്ല എന്നതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പണം റിലീസ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംഭവത്തില്‍ റവന്യൂ സെക്രട്ടറിയോട് റവന്യൂ മന്ത്രി വിശദീകരണം തേടി.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള തുക ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നും അനുവദിക്കണമെന്നായിരുന്നു റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ ഉത്തരവ്.

എന്നാല്‍ ഇത്തരത്തില്‍ യാത്രക്കായി ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും തുക നീക്കിയത് മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിഞ്ഞുകൊണ്ടല്ല. ഉത്തരവിറക്കുന്നതിന് മുന്‍പ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിനോട് ഇക്കാര്യം ആരാഞ്ഞതുമില്ലെന്ന് ഓഫീസ് വ്യക്തമാക്കുന്നു.

ദുരന്ത നിവാരണ നിയമത്തിന്റെ 15ാം വകുപ്പനുസരിച്ച് ഇത്തരത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഹെലികോപ്റ്റര്‍ യാത്ര നിയമപരമായി അനുവദനീയമാണ്. അതില്‍ പ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ യാത്രയും നടത്തിയിട്ടുണ്ട്.

എന്നാല്‍ ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമല്ല എന്നതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു തുക പോലും ഇതുവരെയായി റിലീസ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം യാത്രയ്ക്ക് പണമനുവദിക്കണമെന്ന് കാട്ടി ഉത്തരവിറക്കിയ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കുര്യനോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരണം തേടി.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കുന്ന സംഭവത്തില്‍ ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
സര്‍ക്കാരും മന്ത്രിയും അറിയാതെ എങ്ങനെ ഉത്തരവിറക്കിയെന്ന് വ്യക്തമാക്കണമെന്നും റവന്യൂ സെക്രട്ടറിയോട് ആവശ്യപ്പെട്ടു

Share this post: