Cinema
സുഡാനിയെ കുറിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പ്; ഖേദപ്രകടനവുമായി സുരാജ്

30/03/2018

സുഡാനി ഫ്രം നൈജീരിയയെ പ്രശസിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഖേദ പ്രകടനവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. ഫെയ്സ് ബുക്കിലൂടെ തന്നെയാണ് സുരാജിന്റെ പുതിയ വിശദീകരണവും. മലപ്പുറത്തിന്റെ സ്‌നേഹവും, ഫുട്‌ബോളും ലാളനയും എല്ലാ അര്‍ത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് താന്‍ കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പിൽ ഉദ്ദേശിച്ചതെന്ന് സൂരാജ് പറയുഞു.

ലീഗും കുഞ്ഞാലികുട്ടിയും കോണി ചിഹ്നവുമില്ലാത്ത മലപ്പുറത്തിന്റെ യഥാർത്ഥ ഭംഗി പകരുന്ന സിനിമയാണ് സുഡാനി ഫ്രം നൈജീരിയ എന്നായിരുന്നു സിനിമ കണ്ട സുരാജിന്റെ ആദ്യ അഭിപ്രായം. എന്നാൽ ലീഗ് പ്രവർത്തകർ പൊങ്കാലയുമായി വരികയും നവ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തതോടെ രാത്രിയോടെ ഫെയ്സ് ബുക്ക് കുറിപ്പിൽ നിന്ന് ഈ ഭാഗം എഡിറ്റ് ചെയ്ത് മാറ്റി. ഇന്ന് കൂടുതൽ വിശദീകരണം നൽകുകയായിരുന്നു.

മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തും എല്ലാമാണ് മുസ്‌ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബെന്നും പുതിയ പോസ്റ്റിൽ സുരാജ് പറയുന്നു. മലപ്പുറത്തിന്റെ സ്‌നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു എന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും സുരാജ് പോസ്റ്റില്‍ ആവര്‍ത്തിക്കുന്നു.  താന്‍ എഴുതിയതില്‍ ഏതെങ്കിലും രീതിയില്‍ ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും  സുരാജ് പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മലപ്പുറത്തിന്റെ സ്നേഹവും, ഫുട്ബോളും ലാളനയും എല്ലാ അർത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് ഇന്നലെ എഴുതിയ നിരൂപണത്തിൽ ഉദ്ദേശിച്ചത്, മലപ്പുറത്തിന്റെ സ്നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബും എല്ലാം, സുഡാനി എന്ന സിനിമയിലൂടെ മലപ്പുറത്തിന്റെ സ്നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളിൽ പ്രേക്ഷകർക്ക് കാണിച്ചു സുഡാനി ഫ്രം നൈജീരിയ എന്ന് മാത്രമാണ് ഉദ്ദേശിച്ചത്…
ഞാൻ എഴുതിയതിൽ ഏതെങ്കിലും രീതിയിൽ ആർക്കെങ്കിലും മനപ്രയാസം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നു…
സുരാജ് !!!

Share this post: