ചരമം
മാതാവിനെ തലക്കടിച്ച് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

19/12/2017

കൊണ്ടോട്ടി: മാതാവിനെ തലക്കടിച്ച് കൊന്ന് മകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മാതാവിനെ തലക്കടിച്ച് കൊന്ന നിലയില്‍ വീട്ടിനുളളിലും മാനസിക രോഗിയായ മകനെ ഭാര്യ വീട്ടിനടത്ത് പളളിക്കിണറ്റില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കൊണ്ടോട്ടിക്കടത്ത് നീറാട് വരടിക്കുത്ത്പറമ്പ് മാപ്പിള
വീട്ടില്‍ ആയിശക്കുട്ടി(58)യെ നീറാട് വീട്ടിനുളളിലും മകന്‍ അബ്ദുള്‍ ഗഫൂറി(42)നെ മൂന്നു കിലോമീറ്റര്‍ അകലയുളള കിഴിശ്ശേരി വെസ്റ്റ് മൂച്ചിക്കല്‍ ജുമാമസ്ജിദിന്റെ കിണറ്റിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയിശക്കുട്ടിയെ അബ്ദുള്‍ ഗഫൂര്‍ കല്ലുകൊണ്ട് അടിച്ച് കൊന്ന ശേഷം പളളിക്കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ ഒരാഴ്ച മുന്‍പാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വീട്ടിലെത്തിയതെന്നും അടുത്ത ബന്ധുക്കളുമായോ നാട്ടുകാരുമായോ ഇവര്‍ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. വെസ്റ്റ് മൂച്ചിക്കല്‍ മസ്ജിദില്‍ ഉച്ചക്ക് നമസ്‌ക്കരിക്കാനെത്തിയവരാണ് പളളിക്കിണറ്റിലെ വെളളം കലങ്ങിയ നിലയില്‍ കണ്ടത്.സംശയാസ്പദമായി കിണറ്റിനരികില്‍ ചെരിപ്പും കണ്ടെത്തി.തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഗഫൂറിന്റെ മൃതദേഹം കണ്ടത്. മലപ്പുറത്ത് നിന്ന്
ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് വൈകിട്ട് 5 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അബ്ദുള്‍ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്‌റയുടെ വീടിന് സമീപത്താണ് ജുമാമസ്ജിദ്.ഗഫൂര്‍ മരിച്ച വിവരം വീട്ടില്‍ അറിയിക്കാനും വീടു വൃത്തിയാക്കാനുമായി എത്തിയപ്പോഴാണ് ആയിശക്കുട്ടിയെ നീറാടുളള വീട്ടിനുളളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്.അടിയേറ്റ് ആയിശക്കുട്ടിയുടെ മുഖം വൃകൃതമായിരുന്നു. സമീപത്ത് തന്നെ കല്ലുകളും
കണ്ടെത്തിയിട്ടുണ്ട്. അബ്ദുള്‍ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്‌റ. ഏക മകള്‍ ഫാത്തിമ ഫിദ. മരിച്ച ആയിശക്കുട്ടിയുടെ സഹോദരങ്ങള്‍:മുഹമ്മദ്,ഏന്തീന്‍കുട്ടി,അലവി,അബൂബക്കര്‍,പരേതനായ മൊയ്തീന്‍.

Share this post: