ദേശീയം
ഇന്ത്യ 70 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്ര ഇടപെടൽ വേണമെന്ന് നീതി ആയോഗ്

23/08/2019

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും അധികം പണഞെരുക്കം അനുഭവപ്പെടുന്നത് എന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയില്‍ ആരും ആരെയും വിശ്വസിക്കാത്ത അവസ്ഥയാണ്. പണം ഇറക്കാന്‍ എല്ലാവരും മടിക്കുന്നു. സ്വകാര്യ രംഗത്തെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ എന്നും രാജീവ് കുമാര്‍ പറഞ്ഞു.

ഓട്ടോ മൊബൈല്‍ അടക്കമുളള വ്യവസായങ്ങള്‍ ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. അടിവസ്ത്ര വിപണി അടക്കം തളര്‍ച്ച നേരിടുമ്പോള്‍ 5 രൂപയുടെ ബിസ്‌കറ്റ് പോലും വിറ്റ് പോകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സാമ്പത്തിക തകര്‍ച്ച സ്ഥിരീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടതായി വന്നിട്ടില്ല എന്നാണ് രാജീവ് കുമാര്‍ പറയുന്നത്.

Share this post: