ദേശീയം
എയര്‍ ഇന്ത്യയുടെ വില്‍പന ഈ വര്‍ഷത്തോടെ പൂര്‍ത്തിയാകും

13/01/2018
ഡല്‍ഹി; ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ വില്‍പന പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഓഹരികള്‍ വിറ്റൊഴിയാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ഉചിതമായ ഇടപാടുകാരനെ കണ്ടെത്താനും ആറ് മുതല്‍ എട്ട് വരെ മാസങ്ങള്‍ വേണ്ടി വരുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ജയന്ത് സിന്‍ഹ വ്യക്തമാക്കി. നിരവധി അപേക്ഷകരില്‍ നിന്ന് ഉചിതനായ ഇടപാടുകാരനെ കണ്ടെത്തിക്കഴിഞ്ഞാലും നിയമപരമായ നടപടികള്‍പൂര്‍ത്തിയാക്കാനും ആസ്തി കൈമാറ്റം ചെയ്യാനും ഏതാനും മാസങ്ങള്‍ കൂടി വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

പലരും എയര്‍ഇന്ത്യയെ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാത്രമാണെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ 52,000 കോടിയുടെ കടം നേരിടുന്ന എയര്‍ഇന്ത്യ 2015-16ല്‍ 4310.65 കോടിയുടേയും 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 6280 കോടിയുടേയും പ്രവര്‍ത്തനനഷ്ടമാണ് നേരിട്ടത്. എയര്‍ഇന്ത്യയിലെ മുഴുവന്‍ ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വിറ്റൊഴിയണമെന്നാണ് നീതി ആയോഗ് നിര്‍ദേശിച്ചതെങ്കിലും 26 ശതമാനം ഓഹരിവിഹിതം കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയില്‍ നിലനിര്‍ത്തുമെന്നാണ് വ്യോമയാനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

Share this post: