ദേശീയം
ജി എസ്‌ റ്റി: നില മെച്ചപ്പെടുത്താന്‍ പാവങ്ങളെ സഹായിക്കുന്ന മഹത്തായ സാമഗ്രി

04-Jul-2017


Article by പ്രകാശ്‌ ചൗള

ചരക്ക്‌ സേവന നികുതിക്ക്‌ തുടക്കം കുറിച്ച്‌ കൊണ്ട്‌ രാഷ്ട്രപതി ശ്രീ പ്രണബ്‌ മുഖര്‍ജിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ചേര്‍ന്ന്‌ പാര്‍ലമെന്റിന്റെ ഐതിഹാസികമായ സെന്‍ട്രല്‍ ഹാളില്‍ വച്ച്‌ പ്രകാശനം ചെയ്‌ത ഹ്രസ്വവും എന്നാല്‍ കാമ്പുള്ളതുമായ വീഡിയോ രാജ്യചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിലേക്ക്‌ വ്യക്തമായും വെളിച്ചും വീശുന്നു. ജി എസ്‌ റ്റി എങ്ങനെയാണ്‌ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തെ സഹായിക്കുന്നതെന്നും വ്യാപാര, വ്യവസായ മേഖലകള്‍ക്ക്‌ ഗുണകരമാകുന്നതെന്നും സാമ്പത്തിക വിദഗ്‌ധരും മറ്റ്‌ വിശകലന പ്രതിഭകളും നമ്മോട്‌ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ നിന്നു വ്യത്യസ്ഥമായി, രാജ്യത്തെ ജനങ്ങള്‍ക്ക്‌, പ്രത്യേകിച്ചും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക്‌ നികുതി ആധുനീകരണം എത്രത്തോളം ഗുണകരമാകുമെന്നതിന്റെ സ്‌പഷ്ട സ്ഥിതിയാണ്‌ ഈ ഉദ്‌ഘാടന വീഡിയോ കാണിക്കുന്നത്‌.
ജീവിതം മാറ്റിമറിക്കുന്ന കാര്യം എന്നാണ്‌ തന്റെ പ്രചോദനാത്മകമായ പ്രസംഗത്തില്‍ ജൂണ്‍ 30ന്‌ അര്‍ധരാത്രി പ്രധാനമന്ത്രി പറഞ്ഞത്‌. കാര്യങ്ങള്‍ മാറിത്തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രമേ അപ്പോള്‍ ബാക്കിയുണ്ടായിരുന്നുള്ളു. പാവങ്ങളുടെ, പ്രത്യേകിച്ചും കിഴക്കന്‍ ഉത്തര്‍പ്രദേശിലെയും മറ്റ്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പാവങ്ങളുടെ ജീവിതത്തെ ഇത്‌ മാറ്റുമെന്ന്‌ അദ്ദേഹം പറഞ്ഞു. സമ്പന്നമായ പ്രകൃതി വിഭവങ്ങളാല്‍ അനുഗ്രഹീതരാണ്‌ അവരെങ്കിലും ഈ സംസ്ഥാനങ്ങളുടെ വികസത്തിനു വേണ്ടി അതൊന്നും പൂര്‍ണമായും ചൂഷണം ചെയ്യാന്‍ അവര്‍ക്കു കഴിയുന്നില്ല.
ജി എസ്‌ റ്റി എങ്ങനെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക്‌ മഹത്തായ നേട്ടമായി മാറും എന്ന സംശയം ഉന്നയിക്കപ്പെടാം. വ്യാപാരികളുടെയും വ്യവസായികളുടെയും നില ഭദ്രമാക്കാനുള്ള ആ പഴയ വളഞ്ഞവഴിയാണോ ഇതെന്ന ചോദ്യവും ഉന്നയിക്കപ്പെടാം. എന്നാല്‍ രാജ്യത്തെ ബഹുമാന്യ വ്യക്തികള്‍ പങ്കെടുത്ത സദസ്സില്‍ പ്രധാനമന്ത്രി പറഞ്ഞതെന്തോ അതാണ്‌ ജി എസ്‌ റ്റിയുടെ കാര്യത്തിലെ വസ്‌തുത എന്ന്‌ ഉറപ്പു പറയാനാകും. രാജ്യത്തിന്റെ പക്വമായ രാഷ്ട്രീയ നേതൃത്വും സഹകരണാത്മക ഫെഡറലിസവും ഒടുവില്‍ ഒരു സംവിധാനം നടപ്പാക്കിയിരിക്കുന്നു, അത്‌ ജന കേന്ദ്രീകൃതമാണ്‌, തീരെ ഉല്‍പ്പാദക കേന്ദ്രീകൃതമല്ല. എക്‌സൈസ്‌ തീരുവയും മറ്റ്‌ നികുതികള്‍ക്കും പുറമേ ഏഴ്‌ കേന്ദ്ര നികുതികളും എട്ട്‌ സംസ്ഥാന നികുതികളും അടങ്ങുന്നതാണ്‌ ജി എസ്‌ റ്റി. അതൊന്നും ഉല്‍പ്പാദകരെ അടിസ്ഥാനമാക്കിയുള്ളതല്ല പകരം ഉപഭോക്താവിനെ അടിസ്ഥാനമാക്കിയുള്ളതാണ്‌. മറകൂടാതെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍, ഉപഭോക്താക്കള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്കാണ്‌ അധിക നേട്ടം. അത്‌ അവര്‍ക്ക്‌ ജനക്ഷേമ പദ്ധതികള്‍ക്കോ മൊത്തത്തിലുള്ള സാമ്പത്തിക വികസന പരിപാടികള്‍ക്കോ വിനിയോഗിക്കാന്‍ കഴിയുകയും ചെയ്യും.

തീര്‍ച്ചയായും ഉല്‍പ്പാദക അടിത്തറ ഏറെയൊന്നും ഇല്ലാത്ത സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്‌, ബിഹാര്‍, ഒഡീഷ, പശ്ചിമബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്‌ക്ക്‌ വരുമാന നഷ്ടമുണ്ടായേക്കും. അവര്‍ വികസിപ്പിച്ച ഉല്‍പ്പാദക കേന്ദ്രങ്ങള്‍ ജി എസ്‌ റ്റി തുടങ്ങി അഞ്ചു വര്‍ഷമെങ്കിലും നഷ്ടം സഹിക്കുകയും ചെയ്യേണ്ടി വരും. ഉപഭോക്താക്കള്‍ ഏറെയുണ്ടായിരിക്കുകയും അതുവഴി വന്‍ തോതില്‍ നികുതി പിരിവുണ്ടാവുകയും ചെയ്യുന്ന സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ സാമ്പത്തികമായി കൂടുതല്‍ ശാക്തീകരിക്കപ്പെടും.

മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, കര്‍ണ്ണാടക എന്നീ സംസ്ഥനങ്ങളിലെ പോലെ ഉല്‍പ്പാദനത്തിന്റെ ഗതി വേഗത്തോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക്‌വ്യാപാരത്തിലൂടെ ലഭിക്കുന്ന വളര്‍ച്ചയുടെ ആക്കം സ്വന്തം വികസനത്തിനു വന്‍തോതിലുള്ള വിഭവസമാഹരണത്തിന്‌ വഴിയൊരുക്കും. അത്തരം സജീവമായ സാഹചര്യമുള്ള സ്ഥലങ്ങളില്‍ നിക്ഷേപത്തിന്‌ ആഭ്യന്തര നിക്ഷേപകരും ആഗോള നിക്ഷേപകരും താല്‍പര്യം പ്രകടിപ്പിക്കും. ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട സേവന മേഖലകള്‍ ദശലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ തൊഴില്‍ സൃഷ്‌ടിക്കുന്നതിന്‌ വഴി തുറക്കുകയും ചെയ്യും.

”രാജ്യത്തെ വ്യവസായ രംഗത്തെ അസന്തുലിതാവസ്ഥ അവസാനിപ്പിക്കുന്ന സംവിധാനമാണ്‌ ജി എസ്‌ റ്റി. അത്‌ രാജ്യത്തിന്റെ കയറ്റുമതി ഉയര്‍ത്തുകയും ചെയ്യും. ഇപ്പോള്‍ത്തന്നെ വികസിതമായ സംസ്ഥാനങ്ങള്‍ക്ക്‌ പ്രചോദനാത്മകമാവുക മാത്രമല്ല വികസന പിന്നാക്കാവസ്ഥയുള്ള സംസ്ഥാനങ്ങള്‍ക്ക്‌ വികസനത്തിന്‌ അവസരം നല്‍കുകയും ചെയ്യും. ബിഹാറിനെയും കിഴക്കന്‍ യുപിയെയും പശ്ചിമ ബംഗാളിനെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെയും ഒഡീഷയെയും നോക്കൂ- നമ്മുടെ സംസ്ഥാനങ്ങള്‍ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ്‌. രാജ്യം ഒരൊറ്റ നികുതി സമ്പ്രദായത്തിലേക്കു വരുന്നതോടെ അവര്‍ക്കുള്ള കുറവുകള്‍ പരിഹരിക്കപ്പെടുകയും അത്‌ രാജ്യത്തെ മുന്നോട്ടു നയിക്കുകയും ചെയ്യും. വികസന കാര്യത്തില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും തുല്യ അവസരം ലഭിക്കും.” പ്രധാനമന്ത്രി പശ്ചാത്തലം ശരിയായി വിവരിച്ചു.

ശ്രീ മോദിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ഗംഗാ നഗര്‍ മുതല്‍ ഇറ്റാ നഗര്‍ വരെ’ ‘ഒരു രാജ്യം ഒരു നികുതി ആകുന്നത്‌ വ്യവസായത്തിനും വ്യാപാരത്തിനും സാധാരണ ജനങ്ങള്‍ക്കും ജീവിതം വ്യത്യസ്ഥ രീതികളില്‍ എളുപ്പമാക്കും. സാമ്പത്തിക ഇടപാടുകള്‍ക്ക്‌ സത്യസന്ധമായ മാര്‍ഗ്ഗം പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടാണ്‌ ജി എസ്‌ റ്റി എന്നാല്‍ ‘ഗുഡ്‌ ആന്റ്‌ സിമ്പിള്‍ ടാക്‌സ്‌’ ആണെന്നും പറയുന്നത്‌. ഭരണനിര്‍വഹണത്തില്‍ അത്‌ ഒരു പുതിയ സംസ്‌കാരമുണ്ടാക്കും.

ജി എസ്‌ ടി യാഥാര്‍ത്ഥ്യമാക്കിയതിന്‌ വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ്‌ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒരുപോലെ ബഹുമതി നല്‍കിയത്‌. ഇത്‌ ഏതെങ്കിലും ഒരു സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ കഴിവല്ല; യോജിച്ച പ്രയത്‌നത്തിന്റെ ഫലമാണ്‌.” പ്രധാനമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരിക്കെ ജി എസ്‌ റ്റിയിലേക്കുള്ള പുരോഗമനാത്മക യാത്രയില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുക കൂടി ചെയ്‌ത രാഷ്ട്രപതി കൃത്യമായ ചില കാര്യങ്ങള്‍ പറഞ്ഞു: നികുതി ഈടാക്കലില്‍ പുതിയ യുഗം….കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയിലെ വിശാലമായ സമവായത്തിന്റെ ഫലമാണ്‌. ഈ സമവായം കാലാനുസൃതമായെന്നു മാത്രമല്ല രാജ്യത്തെ കെട്ടിപ്പടുക്കുന്ന പ്രയത്‌നമായിക്കൂടി മാറി. ഈ പ്രയത്‌നം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരില്‍ നിന്നുമുണ്ടാവുകയും സങ്കുചിതമായ പാര്‍ട്ടി പരിഗണനകള്‍ക്ക്‌ മുകളില്‍ ദേശീയ താല്‍പര്യം പ്രതിഷ്‌ഠിക്കപ്പെടുകയും ചെയ്‌തു. ഇന്ത്യയുടെ ജനാധിപത്യ പക്വതയ്‌ക്കും വിവേകത്തിനുമുള്ള ശ്രദ്ധാഞ്‌ജലിയാണ്‌ ഇത്‌.”

‘നികുതിക്ക്‌ പുറത്ത്‌ നികുതി’ ഈടാക്കുന്ന സ്ഥിതിയെ എന്നേക്കുമായി പുകച്ചു പുറത്തുചാടിക്കാനുള്ള തീവ്രയത്‌നമാണ്‌ പുതിയ നികുതി സമ്പ്രദായത്തിന്റെ താത്വികമായ പ്രധാന നേട്ടങ്ങളിലൊന്ന്‌. കരുത്തുറ്റ ഒരു ഐറ്റി അടിസ്ഥാനഘടനയിലൂടെ നികുതി ബാധ്യതകളെ പൗരന്റെ തലവേദനകളില്‍ നിന്നൊഴിവാക്കി സുതാര്യമാക്കിയിരിക്കുന്നു. ഇത്‌ ഉപഭോക്താവിന്‌ മാത്രമാണ്‌ ഗുണകരമാവുക. ചരക്കുകളുടെയും സേവനങ്ങളുടെയും നിരക്കുകള്‍ കുത്തനേ താഴേയ്‌ക്കു വരും. മുന്‍ സംവിധാനത്തില്‍ എക്‌സൈസ്‌ ഡ്യൂട്ടിയുടെയും സേവന നികുതിയുടെയും വാറ്റിന്റെയും മറ്റ്‌ പരോക്ഷ നികുതികളുടെയും മേലുള്ള നിക്ഷേപം അവസാനം വില്‍ക്കുന്നയാളില്‍ എത്തിയിരുന്നില്ല. എന്നാല്‍ ജി എസ്‌ റ്റിയില്‍ അത്തരം നിക്ഷേപം വിതരണക്കാരുടെ അവസാന കണ്ണി വരെ എത്തുകയും അത്‌ ഉപഭോക്താവിലേയ്‌ക്ക്‌ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ” ശ്രദ്ധേയനായ നികുതി വിദഗ്‌ധന്‍ ശ്രീ ബ്രിജ്‌ ഭൂഷണ്‍ പറയുന്നു.

ജി എസ്‌ റ്റി നടപ്പാകുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങള്‍ പകര്‍ന്ന്‌ കൊടുക്കുന്നതിനെ കുറിച്ച്‌ കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജയ്‌റ്റ്‌ലിവ്യവസായ മേഖലയെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്‌. കൊള്ളലാഭമുണ്ടാക്കുന്നതിനെതിരെ കേന്ദ്ര ഗവണ്‍മെന്റിന്‌ തങ്ങളുടെ അധികാരം വിനിയോഗിക്കേണ്ടി വരില്ലെന്നും സാധാരണ പൗരന്മാരിലേക്ക്‌ നേട്ടം എത്തുമെന്ന്‌ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

തുടക്കത്തില്‍ ചില തടസ്സങ്ങളൊക്കെ ഉണ്ടാകുന്നുണ്ടെങ്കില്‍ അതൊരു നിര്‍മാണാത്മകമായ തടസ്സമായിരിക്കുമെന്നാണ്‌ രാഷ്ട്രപതി ശ്രീ പ്രണബ്‌ മുഖര്‍ജി അഭിപ്രായപ്പെട്ടത്‌. ഒരിക്കല്‍ നാം പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയും പ്രാരംഭ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്‌തുകഴിഞ്ഞാല്‍, ജി എസ്‌ റ്റി ജന കേന്ദ്രീകൃതമായ പ്രാപ്‌തി പ്രകടമാക്കും. അത്‌ ജീവിതങ്ങളെ മാറ്റിമറിക്കുകയും ചെയ്യും.


പ്രകാശ്‌ ചൗള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമാണ്‌. രാഷ്ട്രീയ-സാമ്പത്തിക- ആഗോള സാമ്പത്തിക വിഷയങ്ങളിലാണ്‌ അദ്ദേഹം കൂടുതലും എഴുതുന്നത്‌. ലേഖനത്തിലെ അഭിപ്രായങ്ങള്‍ വ്യക്തിപരം.

Share this post: