ദേശീയം
മുത്തലാഖ് ബില്‍ പ്രതിപക്ഷവുമായി ചര്‍ച്ചചെയ്ത് നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും

02/01/2018
ന്യൂഡല്‍ഹി:മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റി. ലോക്‌സഭയില്‍ പാസായ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കുവാനാണ് തീരുമാനിച്ചിരുന്നത്.ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം ബില്‍ അവതരിപ്പിക്കാന്‍ സാധിക്കില്ല. അതിനാലാണ് ഒരു ദിവസത്തേക്ക് ബില്‍ മാറ്റിയത്. ലോകസഭയില്‍ പാസായ ബില്‍ ഭേദഗതികളില്ലാതെ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ ബില്ലിലെ നിര്‍ദേശങ്ങള്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

എതിര്‍ക്കാതെ കോണ്‍ഗ്രസ് വിട്ടുനിന്നാല്‍ ബില്‍ പാസാക്കാന്‍ സാധിക്കുമെന്നാണ് ഭരണകക്ഷിയുടെ വിലയിരുത്തല്‍. ഇതിനുള്ള ചര്‍ച്ചകള്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ സഭ ബഹിഷ്‌കരിച്ചാല്‍ ശബ്ദ വോട്ടോടെ ബില്‍ പാസാക്കാന്‍ സാധിക്കും.

ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടാല്‍ ഈ സമ്മേളന കാലയളവില്‍ പരിഗണിക്കാന്‍ സാധിക്കില്ല. അഞ്ചാം തീയതി പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും. രണ്ടിലധികം സെലക്ട് കമ്മിറ്റി യോഗം വിളിച്ച് ബില്‍ ചര്‍ച്ച ചെയ്യേണ്ടിവരും. തുടര്‍ന്ന് ബജറ്റ് സമ്മേളനത്തില്‍ മാത്രമേ ബില്‍ പരിഗണിക്കാന്‍ സാധിക്കൂ. ഈ നീക്കത്തിലൂടെ ബില്‍ മാറ്റിവെക്കാനാണ് പ്രതിപക്ഷ നീക്കം.

Share this post: