ദേശീയം
സക്കരിയയുടെ ജയിൽവാസം പന്ത്രണ്ടാം വർഷത്തിലേക്ക്

05/02/2020
മലപ്പുറം:പതിനെട്ട് വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട, യു.എ.പി.എ ചുമത്തപ്പെട്ട് കര്‍ണാടക പാരപ്പന അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ട പരപ്പനങ്ങാടി കോണിയത്ത് സക്കരിയ. ജയിൽ വാസം 11 വര്‍ഷം തികഞ്ഞു.

പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി ഉള്‍പ്പെട്ട ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയയെ 2009 ഫെബ്രുവരി അഞ്ചിനാണ് തിരൂരില്‍ അദ്ദേഹം ജോലിചെയ്യുന്ന മൊബൈല്‍ കടയില്‍നിന്ന് കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റു നടക്കുമ്പോള്‍ സക്കരിയക്ക് 18 വയസായിരുന്നു. ഇലക്ട്രോണിക്ക് കടയിലെ മെക്കാനിക്കായ സക്കരിയയാണ് ബാംഗ്ലൂര്‍ സ്‌ഫോടനത്തിനുപയോഗിച്ച റിമോര്‍ട്ട് ചിപ്പ് നിര്‍മ്മിച്ചതെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കേസ് എന്‍ ഐ എ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അറസ്റ്റിനു ശേഷം ഇതുവരെ സഹോദരന്‍റെ വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും കഴിഞ്ഞ വർഷം ഉമ്മയെ കാണാനുമായി മൂന്ന് തവണ മാത്രമാണ് പോലീസ് കാവലില്‍ സക്കരിയ നാട്ടിലെത്തിയത്.

എന്തിനാണ് അറസ്റ്റു ചെയ്യുന്നതെന്ന് വെളിപ്പെടുത്താതെയും വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാന്‍പോലും അനുവദിക്കാതെയും അറസ്റ്റു ചെയ്യുന്ന സമയത്ത് പാലിക്കേണ്ട നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു കര്‍ണാടക പോലീസ് സക്കരിയയെ പിടിച്ചുകൊണ്ടുപോയതെന്ന വിമർശനം ഉയർന്നിരുന്നു. സെബാസ്റ്റ്യൻ പോളടക്കം നിരവധി പേർ സക്കരിയയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. കേസിന്റെ വിചാരണ പൂർത്തിയായിട്ടില്ല.

Share this post: