ദേശീയം
സമ്പദ്‌വ്യവസ്ഥ ശുദ്ധീകരിക്കാന്‍ സ്വീകരിച്ച നടപടികള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ അനുകൂലമായി പ്രതിഫലിക്കും -കേന്ദ്ര മന്ത്രി അരുണ്‍ ജെയ്‌റ്റലി

06-Jan-2017

ന്യൂഡല്‍ഹി : നിഴല്‍ സമ്പദ്‌ വ്യവസ്ഥ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും നികുതിവെട്ടിപ്പ്‌ തടയാനും ഗവണ്‍മെന്റ്‌ സ്വീകരിച്ച നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലും (ജി.ഡി.പി) സാമ്പത്തിക ശാക്തീകരണത്തിലും അനുകൂലമായി പ്രതിഫലിക്കുമെന്ന്‌ കേന്ദ്ര ധനകാര്യമന്ത്രി ശ്രീ.അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആഗോള സാമ്പത്തിക രംഗം ശിഥിലമായിരിക്കുമ്പോഴും ഇന്ത്യയുടെ സ്ഥാനം സുരക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂഡല്‍ഹിയില്‍ ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ആന്റ്‌ ഡെവലപ്‌മെന്റ്‌ കൗണ്‍സിലിന്റെ 16-ാമത്‌ യോഗത്തില്‍ ആധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള പ്രസന്റേഷന്‍ ചീഫ്‌ ഇക്കണോമിക്‌ അഡൈ്വസര്‍ അവതരിപ്പിച്ചു. സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികള്‍ യോഗം ചര്‍ച്ച ചെയ്‌തു.

2017-18 ബജറ്റിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പ്രതിനിധികള്‍ സമര്‍പ്പിച്ചു. സാമ്പത്തിക സാക്ഷരതയും ഉള്‍ച്ചേര്‍ക്കലും പ്രോത്സാഹിപ്പിക്കാന്‍ ഗവണ്‍മെന്റ്‌ സ്വീകരിച്ച നടപടികള്‍ യോഗം വിശകലനം ചെയ്‌തു. ഇതിനാവശ്യമായ കൂടുതല്‍ നടപടികളും യോഗം ചര്‍ച്ച ചെയ്‌തു. ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഓഫീസര്‍മാരും ധനകാര്യ മേഖലയിലെ റെഗുലേറ്റര്‍മാരുമാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌.

Share this post: