ദേശീയം
2017 ലെ വേതന ബില്‍ കോഡ്‌

06-Sep-2017
ന്യൂഡല്‍ഹി : രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി 38 തൊഴില്‍ നിയമങ്ങളെ യുക്തിസഹമാക്കുന്നതിന്‌ നാല്‌ നിയമാവലികള്‍ക്ക്‌ രൂപം നല്‍കുന്നതിനുള്ള പ്രക്രിയയ്‌ക്ക്‌ കേന്ദ്ര ഗവണ്‍മെന്റ്‌ തുടക്കമിട്ടിരിക്കുകയാണ്‌. വ്യവസായ ബന്ധങ്ങള്‍, സാമൂഹിക സുരക്ഷ, ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യവും തൊഴില്‍ സാഹചര്യവും എന്നിങ്ങനെ നാല്‌ നിയമാവലികള്‍ക്കാണ്‌ രൂപം നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്‌.

കഴിഞ്ഞ മാസം 10-ാം തീയതിയാണ്‌ 2017 ലെ കോഡ്‌ ഓണ്‍ വേജസ്‌ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്‌. നിലവിലുള്ള 1948 ലെ മിനിമം കൂലി നിയമം, 1936 ലെ വേതനം കൊടുക്കല്‍ നിയമം, 1965 ലെ ബോണസ്‌ നിയമം, 1976 ലെ തുല്ല്യ പ്രതിഫല നിയമം എന്നീ നാല്‌ നിയമങ്ങളെ ഉള്‍ക്കൊള്ളുന്നതാണിത്‌. ഈ ബില്‍ നിയമമാകുന്നതോടെ ഈ നാല്‌ നിയമങ്ങളും റദ്ദാക്കപ്പെടും. തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വവും, വേതന സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട്‌ നിര്‍വ്വചനങ്ങളിലെ ഇരട്ടിക്കലും സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനാണ്‌ തൊഴില്‍ നിയമങ്ങളെ ക്രോഡീകരിക്കുന്നത്‌.

നിലവില്‍ ഗണ്യമായൊരു വിഭാഗം തൊഴിലാളികള്‍ കുറഞ്ഞ കൂലി നിയമം, കൂലികൊടുക്കല്‍ നിയമം എന്നിവയുടെ പരിതിയില്‍പ്പെടുന്നില്ല. എന്നാല്‍ പുതിയ കോഡ്‌ ഓണ്‍ വേജസ്‌ നിയമം എല്ലാ മേഖലകളിലെയും മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന പരിധി കണക്കാക്കാതെ കുറഞ്ഞ കൂലി ഉറപ്പാക്കും.

വ്യത്യസ്ഥ ഭൂവിഭാഗങ്ങള്‍ക്കായി നിയമപരമായ ദേശീയ മിനിമം കൂലി എന്ന ഒരാശയം പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കേന്ദ്ര ഗവണ്‍മെന്റ്‌ വിജ്ഞാപനം ചെയ്യുന്ന മിനിമം വേതനത്തെക്കാള്‍ കുറഞ്ഞ കൂലി നിശ്ചയിക്കാന്‍ ഇതുവഴി സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാവില്ല. ചെക്ക്‌ മുഖേന അല്ലെങ്കില്‍ ഡിജിറ്റല്‍ / ഇലക്‌ട്രോണിക്‌ രൂപത്തിലുള്ള നിര്‍ദ്ദിഷ്‌ട കൂലികൊടുക്കല്‍ ഡിജിറ്റല്‍ വല്‍ക്കരണം വ്യാപിക്കുമെന്ന്‌ മാത്രമല്ല തൊഴിലാളികള്‍ക്ക്‌ കൂലി ഉറപ്പും, സാമൂഹിക സുരക്ഷിതത്തവും പ്രദാനം ചെയ്യും. പരാതികള്‍ തീര്‍പ്പാക്കുന്നതിന്‌ ഒരു അപ്പലേറ്റ്‌ അതോറിറ്റിക്കും നിയമത്തില്‍ വ്യവസ്ഥയുണ്ട്‌.

മിനിമം കൂലി പ്രതിമാസം 18,000 രൂപയായി കേന്ദ്ര ഗവണ്‍മെന്റ്‌ നിശ്ചയിച്ചുവെന്ന തരത്തിലുള്ള ചില വാര്‍ത്തകള്‍ അടുത്തിടെ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇത്‌ തികച്ചും അവാസ്ഥവവും അടിസ്ഥാന രഹിതവുമാണെന്ന്‌ കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം വ്യക്തമാക്കി. 2017 ലെ കോഡ്‌ ഓണ്‍ വേജസ്‌ ബില്‍ പ്രകാരം കേന്ദ്ര ഗവണ്‍മെന്റ്‌ ഒരു തുകയും ദേശീയ കുറഞ്ഞ കൂലിയായി നിശ്ചയിച്ചിട്ടില്ല. മാത്രവുമല്ല ദേശീയ കുറഞ്ഞ കൂലി നിശ്ചയിക്കുന്നതിനുമുമ്പ്‌ തൊഴിലാളികളും തൊഴിലുടമകളുമടങ്ങുന്ന കേന്ദ്ര അഡൈ്വവറി ബോര്‍ഡിന്റെ ഉപദേശവും സ്വീകരിക്കേണ്ടതുണ്ട്‌.

മിനിമം വേജ്‌ കണക്കാക്കുന്നതിന്‌ യൂണിറ്റുകളുടെ എണ്ണം മൂന്നില്‍ നിന്ന്‌ ആറായി ഉയര്‍ത്തിയതായും ചില വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ അടുത്തിടെ കണ്ടിരുന്നു. മിനിമം കൂലി സംബന്ധിച്ച കേന്ദ്ര അഡൈ്വസറി ബോര്‍ഡിന്റെ അടുത്തിടെ നടന്ന യോഗത്തില്‍ തൊഴിലാളി യൂണിയന്‍ ഉന്നയിച്ച ഒരാവശ്യം മാത്രമാണ്‌ ഇതെന്നും അത്തരത്തില്‍ ഒരു നിര്‍ദ്ദേശവും വേജസ്‌ കോഡില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Share this post: