കേരളം
ആന്റിജന്‍ ടെസ്റ്റ് ആധികാരികം, ഐ.സി.എം.ആര്‍ അംഗീകൃതം

തിരുവനന്തപുരം : കോവിഡ് സ്ഥിരീകരണത്തിനുള്ള പരിശോധനയില്‍ ആന്റിജന്‍ ടെസ്റ്റ് കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡ് 19 അതിവേഗം പടരുന്ന സ്ഥലങ്ങളില്‍ വേഗത്തില്‍ അണുബാധ നിര്‍ണ്ണയിക്കുകയും അവര്‍ക്കു ചികിത്സ നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രോഗം ഗുരുതരമാകുന്നത് തടയുന്നതിനും തുടര്‍വ്യാപനം ഉണ്ടാകുന്നത് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.

അണുബാധ വേഗത്തില്‍ പടരുമ്പോള്‍ കുറച്ചു സമയത്തിനുളളില്‍ പരിശോധനാഫലം ലഭിക്കുന്ന പരിശോധനകള്‍ ആവശ്യമാണ്. അതിനാലാണ് ആന്റിജന്‍ ടെസ്റ്റ് അണുവ്യാപനം കൂടുതലുളള സ്ഥലങ്ങളില്‍ നടത്തുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ഉം ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ആന്റിജന്‍ ടെസ്റ്റിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയതാണ്. ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റിവായി കണ്ടാല്‍ ഒരാള്‍ കോവിഡ് ബാധിതനാണെന്ന് ഉറപ്പിക്കാമെന്ന് ജൂലൈ ആറിന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂക്കില്‍ നിന്നും സ്രവം എടുത്തുളള ലളിതമായ പരിശോധനയാണിത്. ചുരുങ്ങിയ സമയത്തിനുളളില്‍ (30 മിനിറ്റ്) പരിശോധനാഫലം ലഭിക്കുമെന്നത് പ്രത്യേകതയാണ്. ഈ ടെസ്റ്റിന് 99.3 മുതല്‍ 100 ശതമാനം വരെ കൃത്യത ഉണ്ടെന്ന് ഐ.സി.എം.ആര്‍ സാക്ഷ്യപ്പെടുത്തുന്നു.  ആന്റിജന്‍ ടെസ്റ്റിനെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ആധികാരിക വാര്‍ത്തകള്‍ മാത്രം വിശ്വസിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 

Share this post: