പ്രവാസി
അധിനിവേശ വിരുദ്ധ പോരാട്ടങ്ങളും ജിഹാദിന്റെ ഭാഗഭാഗമാണെന്ന് നാസർ ഫൈസി കൂടത്തായി

30-Jan-2017
മനാമ: വിദേശ ശക്തികൾക്കെതിരെ പോരാടുന്നത് ജിഹാദിന്റെ ഭാഗമാണെന്ന് പ്രമുഖ വാഗ്മിയും പണ്ഢിതനും എസ്.വൈ.എസ് കേരള സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി ബഹ്റൈനില്‍ പ്രസ്താവിച്ചു. ബഹ്റൈനിലെ മനാമയില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മനുഷ്യജാലികയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇസ്ലാമിലെ ജിഹാദ് ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട പദമാണ്. ജിഹാദ്, ഖിതാല്‍, ജിനായാത്ത് എന്നിവക്ക് ഒന്നിലേറെ അര്‍ത്ഥതലങ്ങളുണ്ട്. അതേ സമയം, ഇന്ത്യാ രാജ്യത്ത് സമുദായ സംരക്ഷണത്തിന് വേണ്ടി ജിഹാദ് നടത്താന്‍ ഇറങ്ങി തിരിച്ചവര്‍ ഇന്ന് സ്വസമുദായ അംഗങ്ങളെ പോലും കൊല ചെയ്യുന്നവരായി മാറിയിരിക്കുകയാണെന്ന് വേളത്തെ നസീറുദ്ധീന്‍റെ കൊലപാതകം പരാമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ട്. എന്‍.ഡി.എഫ് എന്നീ തീവ്രവാദി സംഘടനകളെ പേരെടുത്ത് കുറ്റപ്പെടുത്തി അദ്ധേഹം പറഞ്ഞു. സായുധ സമരമെന്ന് പരക്കെ അറിയപ്പെടുന്ന ഇസ്ലാമിലെ ജിഹാദ്, ഒരു ഇസ്ലാമിക ഭരണ കൂടത്തിന്‍റെ കീഴിലാണ് നടക്കേണ്ടതെന്നാണ് നിയമം. അതല്ലാതെ ഒരു സെക്കുലര്‍ രാജ്യത്ത് തന്‍റെ എതിരാളിയെ കൊലപ്പെടുത്തുന്നത് ജിഹാദാവില്ലെന്നും അദ്ധേഹം വിശദീകരിച്ചു. താന്‍ താമസിക്കുന്ന രാഷ്ട്രത്തിനാണ് ജിഹാദ് കൊണ്ടുള്ള നേട്ടം ലഭിക്കേണ്ടത്. അതു കൊണ്ട് തന്നെ സ്വരാഷ്ട്രത്തിന്‍റെ സ്വാതന്ത്രവും നന്മയും ലക്ഷ്യമാക്കിയുള്ള പോരാട്ടങ്ങളും ജിഹാദില്‍ ഉള്‍പ്പെടുമെന്നും അദ്ധേഹം വ്യക്തമാക്കി.

ഇസ്ലാമിക നിയമമനുസരിച്ച് ഒരു മുസ്ലിം താമസിക്കുന്ന രാജ്യത്ത്, ആ രാജ്യത്തെ ഭരണാധികാരി അമുസ്ലിമാണെങ്കിലും അതിനെ സംരക്ഷിക്കേണ്ടത് മുസ്ലിമിന്റെ കടമയാണെന്നും സാമൂതിരിയുടെ കാലത്ത് സൈനുദ്ധീന്‍ മഖ് തൂം നല്‍കിയ ഫത് വ ഉദ്ധരിച്ച് അദ്ധേഹം വ്യക്തമാക്കി.
പോർച്ചുഗീസുകാർ സാമൂതിരി ഭരണത്തെ അക്രമിച്ചപ്പോൾ നായർ പടയാളികളോടൊത്തുള്ള വിശ്വാസികളുടെ യുദ്ധം വിശുദ്ധ സമരമാണെന്നും അതില്‍ മരിച്ചാൽ ശഹീദ് (സ്വര്‍ഗസ്ഥനായ രക്തസാക്ഷി) ആകുമെന്നുമാണ് മഹാനായ സൈനുദ്ധീൻ മഖ്ദൂം (റ) തന്‍റെ തുഹ്ഫയിൽ വ്യക്തമാക്കിയിട്ടുള്ളത്- അദ്ധേഹം പറഞ്ഞു.

ഇന്ത്യയുടെ നിലനിൽപ്പ് നാനാത്വത്തിൽ ഏകത്വവും മതസൗഹൃദവുമാണ്. മത സഹിത മൈത്രിയാണ് നമ്മുടെ രാജ്യത്ത് ഉയർന്നു വരേണ്ടത്. അന്യ മതക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതും മാനവ സൗഹൃദ സംഗമങ്ങളിൽ വിവിധ ആശയക്കാരെ പങ്കെടുപ്പിക്കേണ്ടതും ഇസ്ലാമിക വിശ്വാസത്തിന്റേയും അനുഷ്ടാന ത്തിൻറേയും ഭാഗമാണ്.
വർഗ്ഗീയതയും തീവ്രവാദവും മതത്തിന് അന്യമായ പൈശാചികതയാണ്.
ഇവ രണ്ടും ഭരണകൂട ഭീകരതയുടെ പ്രൊടക് ടായാണ് ഇന്ത്യയിൽ വ്യവഹാരം നടത്തുന്നത്. ഇത് ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നും അദ്ധേഹം ആരോപിച്ചു.
തീവ്രവാദം, വംശീയത, വര്‍ഗീയത എന്നിവയിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ലെന്നും അവര്‍ തന്‍റെ അനുയായി അല്ലെന്നും മുഹമ്മദ് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്.
ബഹു ഭൂരിപക്ഷം വിശ്വാസികളും പിന്തുണക്കുന്ന മത നേതൃത്വത്തെ ധിക്കരിച്ച് മറ്റൊരു സംഘടന രൂപീകരിക്കുകയും അതിനെ പിന്തുണക്കുന്നവരും ഇക്കാര്യം ഓര്‍ക്കണം. ഇക്കൂട്ടര്‍ ആദ്യം സമുദായ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവകാശപ്പെടുമെങ്കിലും താമസിയാതെ സ്വസമുദായത്തിനു നേരെ തന്നെ ഇവര്‍ തിരിയുമെന്ന് നബി(സ) നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഹദീസ് വചനങ്ങള്‍ ഉദ്ധരിച്ച് അദ്ധേഹം വ്യക്തമാക്കി.
ഓരോ സമുദായത്തിന്‍റെയും അകത്തുള്ള തീവ്രവാദികളെ ആ സമുദായം തന്നെ തുറന്നു കാണിക്കുകയും എതിര്‍ത്ത് പരാചയപ്പെടുത്തുകയുമാണ് വേണ്ടത്.
ഇന്ന് ആത്മാഭിമാനത്തോടെ ഈ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മനുഷ്യ ജാലികകള്‍ സൃഷ്ടിക്കാന്‍ എസ്.കെ.എസ്.എസ്.എഫിനു മാത്രമേ സാധിക്കൂവെന്നും അന്യ മത സഹോതരങ്ങളും സംഘടനകളും ഇന്ന് ഈ വഴിക്ക് ചിന്തിക്കുന്നവരായിട്ടുണ്ടെന്നും അദ്ധേഹം കൂട്ടി്ച്ചേര്‍ത്തു.
രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തിലുള്ള എസ്.കെ.എസ്.എസ്.എഫിന്‍റെ മനുഷ്യജാലിക ആരംഭിച്ചത് 2007 ലാണ്. അന്ന് താന്‍ ജന.സെക്രട്ടറി ആയിരിക്കുന്പോള്‍ ആരംഭിച്ച മനുഷ്യജാലികയുടെ പത്താം വാര്‍ഷികം ബഹ്റൈനില്‍ വെച്ച് ആചരിക്കാനായതിലുള്ള സംതൃപ്തിയും ഈ വര്‍ഷത്തെ ജാലികയില്‍ നാട്ടിലും ഗള്‍ഫിലും ഒരു പോലെ പങ്കെടുക്കാനായതിലെ സന്തോഷവും അദ്ധേഹം ഇവിടെ പങ്കുവെച്ചു.

Share this post: