Top News
ഇ.അഹമ്മദ് ഓർമ്മയായിട്ട് മൂന്ന് വർഷം

01/02/2020
മലപ്പുറം: ഏറെക്കാലം മലപ്പുറത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ച ഇ.അഹമ്മദ് ഓർമ്മയായിട്ട് മൂന്ന് വർഷം തികയുന്നു. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനായിരുന്ന അദ്ധേഹം ഇന്ത്യന്‍ മുസ്ലിംകളുടെ നേതാവും പാര്‍ലമെന്‍റില്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദവുമായിരുന്നു. നിരവധി അന്താരാഷ്ട്ര ദൌത്യങ്ങള്‍ക്ക് രാജ്യം അഹമ്മദിനെ ചുമതലപ്പെടുത്തി. വിദേശ രാജ്യങ്ങളുടെ തവലന്‍മാരുമായി അടുത്ത ബന്ധം സൂക്ഷിച്ച അഹമ്മദ് നയതന്ത്ര രംഗത്ത് ഇന്ത്യയുടെ പ്രധാനി കൂടിയായിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ട ഇടങ്ങളിലെല്ലാം അദ്ദേഹം ഓടിയെത്തി.

1938 ഏപ്രിൽ 29-ന്‌ കണ്ണൂർ ജില്ലയിലെ കണ്ണൂർ സിറ്റിയിൽ ജനിച്ചു. ഒ. അബ്ദുൾഖാദർ ഹാജിയും എടപ്പകത്ത് നഫീസയുമായിരുന്നു മാതാപിതാക്കൾ. തലശ്ശേരി ഗവൺ‌മെന്റ് ബ്രണ്ണൻ കോളേജ്, ഗവൺ‌മെന്റ് ലോ കോളേജ് തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. ഇ.അഹമ്മദ് 5 തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്(1967-1991).1982-1987 കാലത്ത് കേരള വ്യവസായ മന്ത്രിയായിരുന്നു.1991 ൽ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1995 ൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയായി.2004 ൽ വിദേശകാര്യ സഹമന്ത്രിയായി.2009 ൽ റയിൽവേ സഹമന്ത്രി. 2011 ൽ വീണ്ടും വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു.

2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ജയിച്ച ഏക യു.ഡി.എഫ്. അംഗം അഹമ്മദായിരുന്നു. എൽ.ഡി.എഫ്. ചരിത്രവിജയം നേടിയ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം സ്വന്തം കൈപ്പിടിയിലൊതുക്കി അഹമ്മദ് യു.ഡി.എഫിന്റെ മാനം കാത്തു. 2009, 2014 വർഷങ്ങളിൽ മലപ്പുറത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽനിന്ന് അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷം സംസ്ഥാന തിരഞ്ഞെടുപ്പു ചരിത്രത്തിലെ അത് വരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ്.

2004ൽ ഒന്നാം യുപിഎ മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായപ്പോൾ മുസ്‌ലിം ലീഗിന്റെ ആദ്യ കേന്ദ്രമന്ത്രിസ്ഥാനമായിരുന്നു ഇത്. രണ്ടാം യുപിഎ മന്ത്രിസഭയിൽ വിവിധ കാലയളവുകളിലായി റെയിൽവേ, വിദേശകാര്യം, മാനവശേഷി വികസന വകുപ്പുകളിൽ സഹമന്ത്രിയായി. പാർലമെന്ററി അഷുറൻസ് കമ്മിറ്റി, ഫുഡ് മാനേജ്‌മെന്റ് കമ്മിറ്റി ഉൾപ്പെടെ വിവിധ സമിതികളുടെ അധ്യക്ഷനായി. ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായ മലയാളിയാണ് ഇ അഹമ്മദ്– 3650 ദിവസം

കണ്ണൂർ നഗരസഭാധ്യക്ഷൻ (1981–1983), സംസ്‌ഥാന റൂറൽ ഡവലപ്‌മെന്റ് ബോർഡ് ചെയർമാൻ, സിഡ്‌കോ ചെയർമാൻ തുടങ്ങിയ സ്‌ഥാനങ്ങളും വഹിച്ചു. വിദ്യാർഥിയായിരിക്കെ ചന്ദ്രിക പത്രത്തിന്റെ ലേഖകനായിരുന്നു. പിന്നീടു ചന്ദ്രികയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായി.

കണ്ണൂരിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ പിറന്ന അഹമ്മദിന്റെ രാഷ്ട്രീയ വളർച്ച കണ്ണൂരിലോ കേരളത്തിലോ മാത്രം ഒതുങ്ങിയില്ല. അത് ദേശീയ തലത്തിലേക്കും പിന്നീട് അന്തർദേശീയ തലത്തിലേക്കും വളർന്നു. ഇന്ദിര ഗാന്ധി മുതൽ നരേന്ദ്ര മോദിവരെയുള്ള പ്രധാന മാത്രിമാരുടെ വിശ്വാസം നേടി, പത്തു തവണ ഐക്യ രാഷ്ട്ര സഭയിൽ ഇന്ത്യയുടെ നാവാകാൻ അഹമ്മദിന് കഴിഞ്ഞു. 2008-ലെ മുംബൈ ഭീകരവാദി ആക്രമണത്തിന് ശേഷം നടന്ന യു.എന്‍ സുരക്ഷാ കൌണ്‍സില്‍ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ നിയോഗിച്ചത് അന്ന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദിനെയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്തം പാക്കിസ്ഥാനാണെന്ന് വ്യക്തമാക്കി അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ അന്നദ്ദേഹം നടത്തിയ ഇടപെടല്‍ ആ സംഭവത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 1991 മുതൽ 2014 വരെയുള്ള വിവിധ കാലങ്ങളിൽ ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഐക്യരാഷ്‌ട്ര സംഘടനയിൽ അഹമ്മദ് നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ‘ഇന്ത്യാസ് വോയ്‌സ് അറ്റ് യുണൈറ്റഡ് നേഷൻസ്’ എന്ന പുസ്‌തകം.

ബിരുദ പഠനത്തിന് ശേഷം ചന്ദ്രിക ദിന പത്രത്തിൽ സബ് എഡിറ്ററായി ജോലി ചെയ്തുവന്ന അഹമ്മദിന്റെ പ്രത്യേകതകൾ ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും സി എച് മുഹമ്മദ് കോയയും സീതി ഹാജിയുമായിരുന്നു. ഈ രണ്ടു നേതാക്കളുമായുള്ള ബന്ധം അഹമ്മദിന് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലേക്കുള്ള വാതിലുകൾ തുറന്നു കൊടുത്തു. കണ്ണൂരുകാരനായ അഹമ്മദിന് നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിക്കാൻ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങൾ ലഭിച്ചതും ഈ ബന്ധം വഴി തന്നെയായിരുന്നു.

രാഷ്ട്രപതിയുടേ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാർലമെന്റിൽ കുഴഞ് വീണ അദ്ധേഹം 2017 ഫെബ്രുവരി ഒന്നിന് പുലർച്ചെ രണ്ടേകാലോടെ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

Share this post: