അറിയിപ്പുകള്‍
ജില്ലയില്‍ 200 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജം. സൗകര്യങ്ങൾ ഇങ്ങനെ

ലോക് ഡൗണ്‍ തീരുന്നതോടെ മലപ്പുറം ജില്ലയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമായി. 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 200 കോവിഡ് കെയര്‍ സെന്ററുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും കോവിഡ് കെയര്‍ സെന്ററുകള്‍ സ്ഥാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉത്തരവിറക്കി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും സ്വകാര്യ ഹോട്ടലുകളും ഇതിലുള്‍പ്പെടും. 2,051 സിംഗിള്‍ റൂമുകളും 3,048 ഡബിള്‍ റൂമുകളും 715 മറ്റ് റൂമുകളുമാണ് ഈ കേന്ദ്രങ്ങളില്‍ ആകെയുള്ളത്. 200 കേന്ദ്രങ്ങളിലായി 11,778 പേരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളാണ് നിലവിലുള്ളത്.

കോവിഡ് കെയര്‍ സെന്ററുകളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി അതത് പഞ്ചായത്ത്/ നഗരസഭ പ്രസിഡന്റ്/ചെയര്‍മാന്‍  കണ്‍വീനറായ ഏഴ് അംഗ പഞ്ചായത്ത്/നഗരസഭ തല സമിതി രൂപീകരിച്ചു.  തഹസില്‍ദാര്‍,പഞ്ചായത്ത് സെക്രട്ടറി,പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,സെന്ററുകള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലെ മെമ്പര്‍മാര്‍,മെഡിക്കല്‍ ഓഫീസര്‍, എസ്.എച്ച്.ഒ,പഞ്ചായത്ത് സമിതി നിയോഗിക്കുന്ന വളണ്ടിയര്‍ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍.

ഒരു റൂമില്‍ ഒരു വ്യക്തിയെ മാത്രമെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുവാന്‍ കഴിയുകയുള്ളൂ. ശുചിമുറികളോടു കൂടിയ റൂമുകളാണ് കോവിഡ് സ്വയം നിരീക്ഷണത്തിന് ആവശ്യം. ഇത്തരത്തിലുള്ള പരമാവധി സൗകര്യങ്ങളുള്ള സ്ഥാപനങ്ങളും കെട്ടിടങ്ങളുമാണ് നിലവില്‍ ഏറ്റെടുത്തിരിക്കുന്നത്. കണ്ടെത്തിയ സ്ഥാപനങ്ങള്‍ കോവിഡ് കെയര്‍ സെന്ററാക്കി മാറ്റുന്നതിന് അനുയോജ്യമല്ലെങ്കില്‍ ജില്ലാകലക്ടറുടെ അനുമതിയോടു കൂടി കൂടുതല്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കാനുള്ള ചുമതല അതത് പഞ്ചായത്ത് തല സമിതിക്കായിരിക്കും.

കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിപ്പിക്കുന്നവര്‍

• വിദേശ രാജ്യങ്ങളില്‍ നിന്നും തിരികെ എത്തുന്നവര്‍

• മറ്റ് സംസ്ഥാനങ്ങളില്‍, പ്രാദേശിക വ്യാപന റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ നിന്നും തിരികെ എത്തുന്നവര്‍

• കൂടുതല്‍ ഗൗരവ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍/ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങളുള്ളവര്‍.

• വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് സൗകര്യമില്ലാത്തവര്‍

• ജില്ലാകലക്ടര്‍/ജില്ലാമെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുന്നവര്‍

കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമം

ഒരു വ്യക്തിയെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നത് ജില്ലാകലക്ടര്‍/ജില്ലാമെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമായിരിക്കും. പ്രാഥമിക പരിശോധനക്ക് ശേഷമേ പ്രവേശിപ്പിക്കുകയുള്ളൂ. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവരെ കണ്‍ട്രോള്‍ റൂമില്‍ നിന്നും നിര്‍ദേശിക്കുന്ന ആശുപത്രിയിലാണ് പ്രവേശിപ്പിക്കുക. ജില്ലാമെഡിക്കല്‍ ഓഫീസര്‍/ജില്ലാ സര്‍വയ്ലന്‍സ് ഓഫീസര്‍ നിര്‍ദേശിക്കുന്നവരെ മത്രമേ കോവിഡ് പരിശോധനക്ക് അയക്കുകയുള്ളൂ. വീടുകളില്‍ സ്വയം നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് ആ വിവരം വാര്‍ഡ്തല റാപ്പിഡ് റസ്പോണ്‍സ് ടീം അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുക.

സെന്ററുകളിലെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടിങ്

കോവിഡ് കെയര്‍ സെന്ററുകളിലെ അന്തേവാസികളെ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിശ്ചിത പ്രൊഫോര്‍മയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രവേശനം/ ഡിസ്ചാര്‍ജ് അനുവദിക്കുന്ന സന്ദര്‍ഭങ്ങളിലും വിവരങ്ങള്‍ ലഭ്യമാക്കേണ്ടതാണ്.

ഭൗതിക സാഹചര്യം ഒരുക്കല്‍

സെന്ററിനായി കണ്ടെത്തിയ കെട്ടിടം പൊതുമരാമത്ത് /തദ്ദേശ സ്വയംഭരണ എഞ്ചിനീയര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. കൂടുതല്‍ സൗകര്യങ്ങള്‍ സ്പോണ്‍സര്‍ഷിപ്പ് മുഖേനയോ തദ്ദേശീയമായോ അതത് പഞ്ചായത്ത്/നഗരസഭ ഭരണസമിതി ഒരുക്കും. അതിന് സാധിക്കാത്ത അവസരങ്ങളില്‍ സൗകര്യങ്ങള്‍ക്കുള്ള ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിക്കും.

ഭക്ഷണവിതരണം

കുടുംബശ്രീ, കമ്മ്യൂനിറ്റി കിച്ചണ്‍, സ്പോണ്‍സര്‍ഷിപ്പ്, തദ്ദേശീയമായ ഹോട്ടല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കോവിഡ് കെയര്‍ സെന്ററുകളില്‍ ഭക്ഷണം ഒരുക്കുക. ഭക്ഷണ വിതരണം സംബന്ധിച്ച് പഞ്ചായത്ത് തലസമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കേണ്ടതാണ്. ദുരന്തപ്രതികരണ നിധിയില്‍ നിന്നും ഫണ്ട് ആവശ്യമുള്ളപക്ഷം സമിതി തീരുമാന പ്രകാരം ആയതിനുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറി ഡിഡിഎംഎ ക്ക് സമര്‍പ്പിക്കേണ്ടതും ഡിഡിഎംഎ യുടെ മുന്‍കൂര്‍ അനുമതി പ്രകാരം മാത്രം തുക ചെലവഴിക്കേണ്ടതുമാണ്.

വ്യക്തികളോ സംഘടനകളോ ഭക്ഷണം സ്പോണ്‍സര്‍ ചെയ്യുന്ന അവസരത്തില്‍ മെഡിക്കല്‍ ഓഫീസറില്‍ നിന്നും അനുവാദം വാങ്ങണം. മെഡിക്കല്‍ ഓഫീസര്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടതുമാണ്. നേരിട്ടുള്ള ഭക്ഷണ വിതരണവും വ്യക്തികളുടെയും സംഘടനകളുടെയും ബാനറുകളിലുള്ള വിതരണവും അനുവദിക്കില്ല. ഭക്ഷണവസ്തുക്കള്‍ സെന്റര്‍ ചുമതലയുള്ള ഉദ്യോഗസ്ഥന് കൈമാറി വളണ്ടിയര്‍ മുഖേന മാത്രം അന്തേവാസികള്‍ക്ക് വിതരണം ചെയ്യും.

ശുചിത്വം-ആരോഗ്യ സുരക്ഷ

കോവിഡ് കെയര്‍ സെന്ററുകളില്‍ ശുചിത്വം/അഴുക്ക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയര്‍മാരിലൂടെ പഞ്ചായത്ത് തല സമിതി ഉറപ്പ് വരുത്തും. ശുചീകരണ വസ്തുക്കള്‍ക്കൊ ശുചീകരണ പ്രവര്‍ത്തകര്‍ക്കൊ പണം ആവശ്യമുള്ള പക്ഷം പഞ്ചായത്ത് തല സമിതി തീരുമാനമെടുത്ത് തഹസില്‍ദാര്‍മുഖേന ഡിഡിഎംഎ യില്‍ നിന്നും അനുമതി വാങ്ങി ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള തുക ചെലവഴിക്കാവുന്നതാണ്. അന്തേവാസികളുടെ ആരോഗ്യസുരക്ഷ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പ് വരുത്തും. ഏതെങ്കിലും അസുഖങ്ങള്‍ക്ക് നേരത്തെ തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നവര്‍ക്ക് മരുന്ന് ലഭ്യമാക്കും. കൗണ്‍സലിങും നല്‍കും.

വളണ്ടിയര്‍മാരുടെ സേവനം

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ മുഴുവന്‍ സമയവും വളണ്ടിയര്‍മാരുടെ സേവനം ഉണ്ടായിരിക്കും. വളണ്ടിയര്‍മാരെ ട്രോമാകെയര്‍ സെന്ററില്‍ നിന്നും സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും നിയമിക്കും. ഏതെങ്കിലും പ്രത്യേക സംഘടനയുടെ ബാനറിലുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല.

സെന്ററുകളില്‍ നിന്നും വിടുതല്‍ ചെയ്യുന്നത്

സെന്ററിലെ അന്തേവാസികള്‍ ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പക്ഷം ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറെ അറിയിക്കേണ്ടതും നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ എത്തിക്കേണ്ടതുമാണ്. സെന്ററുകളില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ക്കായിരിക്കും. വിടുതല്‍ ചെയ്യുന്ന ഓരോ വ്യക്തിക്കും നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത് സംബന്ധിച്ച സാക്ഷ്യപത്രം മെഡിക്കല്‍ ഓഫീസര്‍ അനുവദിക്കേണ്ടതാണ്. പ്രത്യേക സാഹചര്യത്തില്‍ ഡി.എം.ഒ/ ജില്ലാ കലക്ടര്‍ – നിര്‍ദേശപ്രകാരം  വിടുതല്‍ അനുവദിക്കാവുന്നതാണ്. സെന്ററുകളില്‍ നിന്നും വിടുതല്‍ ചെയ്തതിന് ശേഷം വീടുകളില്‍ നിരീക്ഷണം നിര്‍ദേശിക്കുന്നവര്‍ ആരോഗ്യ ജാഗ്രതയും നിരീക്ഷണവും കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാര്‍ഡ് റാപ്പിഡ് റസ്‌പോണ്‍സ് ടീം വഴി ഉറപ്പുവരുത്തും.

ഗതാഗതം, സുരക്ഷ
 

കോവിഡ് കെയര്‍സെന്റിലേക്കുള്ള ഗതാഗത സംവിധാനം മെഡിക്കല്‍ ഓഫീസര്‍ ഉറപ്പ് വരുത്തും. സെന്ററിലേക്കും തിരിച്ചുമുള്ള യാത്രക്ക് 108 ആംബുലന്‍സ് ഉപയോഗിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട ചുമതല ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കായിരിക്കും.

സെന്ററുകളിലെ സൗകര്യങ്ങള്‍

സെന്ററുകളിലെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തും. ഒരു റൂമില്‍ ഒരാളെ മാത്രം താമസിപ്പിക്കുന്നതിനാല്‍ ബക്കറ്റ്, മഗ്, സോപ്പ്, തോര്‍ത്ത് തുടങ്ങിയവ ഓരോരുത്തര്‍ക്കും പ്രത്യേകം ഒരുക്കും. സെന്റുകളില്‍ സാമൂഹിക അകലം പൂര്‍ണ്ണമായി പാലിക്കും. കൂട്ടം ചേരലുകള്‍ ഒഴിവാക്കും. പരിപാലനത്തിനായുള്ള ഉദ്യോഗസ്ഥര്‍ക്കും വളണ്ടിയര്‍മാര്‍ക്കും മാത്രമേ സെന്ററിനകത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ. അവര്‍ക്കുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പുവരുത്തും.  ബന്ധപ്പെട്ട പഞ്ചായത്ത് തല സമിതി കണ്‍വീനര്‍,  മെഡിക്കല്‍ ഓഫീസര്‍, ചാര്‍ജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നവരുടെ ഫോണ്‍ നമ്പറുകള്‍ സെന്ററിനകത്ത് പ്രദര്‍ശിപ്പിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസിക ആരോഗ്യ പദ്ധതി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും  (7593843625 / 7593843617)   സെന്ററിനകത്ത് പ്രദര്‍ശിപ്പിക്കും.

ചാര്‍ജ് ഓഫീസര്‍

ഓരോ കോവിഡ് സെന്ററിലേക്കും ഒരു ചാര്‍ജ് ഓഫീസറെ പഞ്ചായത്ത്/ റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നും പഞ്ചായത്ത് തല സമിതി നിയോഗിക്കും. സെന്ററിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചാര്‍ജ് ഓഫീസര്‍ക്കായിരിക്കും. ചാര്‍ജ് ഓഫീസറും അദ്ദേഹം നിയോഗിക്കുന്ന മറ്റ് ഉദ്യോസ്ഥരോ വളണ്ടിയര്‍മാരോ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ മുഴുവന്‍ സമയവും സെന്ററില്‍ ഉണ്ടാകും.

Share this post: