പ്രവാസി
നവാസ് പാലേരി ബഹ്റൈനിലെത്തി; കെ.എം.സി.സി സ്‌നേഹ സംഗമം ഇന്ന് (വെള്ളിയാഴ്ച) അദ് ലിയയില്‍
മനാമ: പ്രശസ്ത ഗായകനും വാഗ്മിയുമായ നവാസ് പാലേരി ആദ്യമായി ബഹ്റൈനിലെത്തി.  ബഹ്‌റൈന്‍ കെ.എം.സി.സി വേളം പഞ്ചായത്ത് കമ്മറ്റി ഇന്ന് (വെള്ളിയാഴ്ച )രാത്രി 7 മണിക്ക് അദ്‌ലിയ സി.ഐ.ഡി ഓഫീസിന് സമീപത്തെ കാള്‍ട്ടന്‍ ഹോട്ടല്‍  ഹാളില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമത്തില്‍ പങ്കെടുക്കാനാണ് അദ്ധേഹം ബഹ്റൈനിലെത്തിയത്.
നാട്ടില്‍  വിവിധ മത സാമൂഹിക സാംസ്‌കാരിക വേദികളില്‍ മനുഷ്യസ്‌നേഹവും, മാനവ മൈത്രിയും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്ന സന്ദേശങ്ങളും ആഹ്വാനങ്ങളും പകരുന്ന നവാസ് പാലേരിയുടെ  പരിപാടികളില്‍ ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ തടിച്ചു കൂടുന്നത്. സ്‌നേഹ സംഗമം പരിപാടിയില്‍ നവാസ് പാലേരി അവതരിപ്പിക്കുന്ന ഗാനോപഹാരം പരിപാടിയെ ശ്രദ്ധേയമാക്കുമെന്നും ഫാമിലികള്‍ക്ക് ആസ്വദിക്കാവുന്ന വിധമാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
മാപ്പിള കലാ അക്കാദമി അംഗവും ഹ്യൂമാനിറ്റീസ് അവാര്‍ഡ് ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ നവാസ് പാലേരി, ആദ്യമായാണ് ബഹ്റൈനിലെത്തുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി നടത്തുന്ന പരിപാടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം നാട്ടില്‍  ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന് ഒരു വാഹനം വാങ്ങിക്കാനായി ഉപയോഗിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 7 മണിക്ക് സാസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി ദുബൈ കെ.എം.സി.സി സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി, സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് എസ്.വി.ജലീല്‍, സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍, കെ.എം.സി.സി സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത്  നേതാക്കളും ഭാരവാഹികളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 33254668.
Share this post: