കേരളം
പ്രവാസികളെ ബാധിക്കുന്ന ആദായ നികുതി ഭേദഗതി നിർദ്ദേശം കേന്ദ്ര സർക്കാർ ഒഴിവാക്കണം; കേരള നിയമസഭ പ്രമേയം പാസാക്കി

06/02/2020
കേന്ദ്ര ധനകാര്യ ബില്ലില്‍ പ്രവാസികളെ, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരെ ദോഷകരമായി ബാധിക്കുന്ന 1961-ലെ ആദായ നികുതി നിയമത്തിലെ 6-ാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള നിയമസഭ ഇന്ന്‌ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

വെളിപ്പെടുത്താത്ത വരുമാനത്തിനും അനധികൃതമായി പണം കടത്തുന്നതിനും ആദായനികുതി വെട്ടിക്കുന്നതിനും കര്‍ശനമായ നടപടി ആവശ്യമാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ സാധാരണക്കാരും പരിമിതവരുമാനക്കാരുമായ പ്രവാസികളെ ഈ നിയമഭേദഗതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാവശ്യമായ നടപടി കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് ആദായനികുതി ചുമത്തുന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി 2020–‐-21 ലേക്കുള്ള കേന്ദ്രബഡ്ജറ്റിന്‍റെ ഭാഗമായി ഫെബ്രുവരി 1-ാം തീയതി ലോക്സഭയുടെ മേശപ്പുറത്തുവച്ച ധനകാര്യ ബില്ലില്‍ 1961 – ലെ ആദായനികുതി നിയമത്തിന്‍റെ 6-ാം വകുപ്പില്‍ 01.04.2021 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ മാറ്റം നിര്‍ദ്ദേശിച്ചിരിക്കുന്നു.

നിലവില്‍ ഒരു ഇന്ത്യന്‍ പൗരനോ ഇന്ത്യന്‍ വംശജനോ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 182 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിക്കുന്ന ഘട്ടത്തിലാണ് ആദായനികുതിയുടെ കാര്യത്തില്‍ റസിഡന്‍റ് ആയി കണക്കാക്കപ്പെടുന്നത്. 2021 ഏപ്രില്‍ 1 മുതല്‍ ഈ കാലാവധി 120 ദിവസമോ അതില്‍ കൂടുതലോ ആയികുറയ്ക്കാനാണ് ഭേദഗതി നിര്‍ദ്ദേശം.

ടാക്സ് വെട്ടിപ്പ് തടയാനാണെന്ന നിലയില്‍ കൊണ്ടുവന്ന ഈ നിര്‍ദ്ദേശം കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ പോകുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വന്നു തങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. വരുമാന നികുതി വെട്ടിക്കാനല്ല, മറിച്ച്, കുടുംബപരമായ ആവശ്യങ്ങള്‍ക്കാണ് അവര്‍ ഇപ്രകാരം രാജ്യത്ത് വന്ന് തങ്ങുന്നത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന ചെറുകിട ബിസിനസ് സംരംഭകരുടെ വരുമാനം ഗണ്യമായി കുറയ്ക്കുന്നതിന് ഇത് ഇടവരുത്തും. 240 ദിവസമെങ്കിലും വിദേശത്ത് തങ്ങിയാല്‍ മാത്രമേ അവര്‍ക്ക് നോണ്‍ റസിഡന്‍റ് സ്റ്റാറ്റസ് നിലനിര്‍ത്താനാകൂ. നിലവില്‍ ഇതിന് 182 ദിവസം മതിയാകും. എണ്ണ റിഗ്ഗുകളിലും മറ്റും തൊഴില്‍ ചെയ്യുന്നവ്യക്തികള്‍ ഒരു മാസം ഓഫ് ഡ്യൂട്ടിയായി നാട്ടില്‍ വരാറുണ്ട്. ഇവരേയും ഈ ഭേദഗതി പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

കേരളത്തിന്‍റെ സാമ്പത്തികരംഗത്ത് ഗണ്യമായ സംഭാവന നല്‍കുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍. സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ ഏകദേശം 15 ശതമാനത്തോളം വരും ഇപ്രകാരം ലഭിക്കുന്ന പുറംവരുമാനം എന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രവാസികള്‍ നാട്ടില്‍ വന്നുപോകുമ്പോള്‍ നടത്തുന്ന ഉപഭോഗവും മറ്റു ചെലവുകളും നമ്മുടെ വ്യവസായ വ്യാപാര മേഖലയുടെ വളര്‍ച്ചയുടെ ഒരു പ്രധാന ഘടകമാണ്.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇതുണ്ടാക്കുന്ന ഉണര്‍വ്വ് ഒട്ടും ചെറുതല്ല. ദേശീയ സാമ്പത്തികരംഗത്തുള്ള മാന്ദ്യം കൂടി കണക്കിലെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ഭേദഗതി നിര്‍ദ്ദേശം നടപ്പായാല്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ച വലിയ തിരിച്ചടി നേരിടും.

ഇതു കൂടാതെ, മറ്റേതെങ്കിലും വിദേശരാജ്യത്ത് ടാക്സ് നല്‍കാത്ത ഇന്ത്യന്‍ പൗരനെ ഇന്ത്യന്‍ പൗരനായി കണക്കാക്കി ടാക്സ് ചുമത്തുമെന്ന, 1961 ലെ ആദായ നികുതി നിയമത്തിന്‍റെ വകുപ്പ് 6-നുള്ള ഭേദഗതി നിര്‍ദ്ദേശവും ഉണ്‍ണ്ടായിട്ടുണ്ട്.

വ്യക്തിഗത ആദായനികുതിയോ ഇന്ത്യയുമായി ഇരട്ട നികുതി ഉടമ്പടി കരാറോ ഇല്ലാത്ത രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് ഇത് ദോഷകരമായിത്തീരും. നമ്മുടെ നാടിന്‍റെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സാമൂഹിക സാമ്പത്തികമേഖലകളില്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടി കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകണം.

ബഡ്ജറ്റ് പ്രഖ്യാപിച്ച ഉടന്‍, സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി 2-ാം തീയതിയിലെ പ്രസ് റിലീസ് മുഖാന്തിരം ‘മറ്റ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാരെ നികുതിവലയത്തില്‍ ഉള്‍പ്പെടുത്തുന്ന ഉദ്ദേശത്തോടെയല്ല ഈ ഭേദഗതി കൊണ്ടുവന്നിട്ടുള്ളതെന്ന്’ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ധനബില്‍ 2020-ലെ നിര്‍ദ്ദേശങ്ങള്‍ 1961 – ലെ ആദായനികുതി നിയമത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടാല്‍ മറിച്ചൊരു സ്ഥിതിവിശേഷം ആയിരിക്കും ഉണ്ടാവുകയെന്നും പ്രമേയത്തിൽ പറയുന്നു.

Share this post: