പ്രവാസി
മതവിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ട പൗരാവകാശം: ഇസ്‌കോണ്‍ 2017

02/12/2017

ഖുര്‍തുബ: ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പൗരാവകാശവും മനുഷ്യാവകാശവുമാണെന്നും അത് സംരക്ഷിക്കാന്‍ പൊതുസമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും വിസ്ഡം ഇസ്ലാമിക് മിഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അശ്‌റഫ് അഭിപ്രായപ്പെട്ടു. കുവൈത്ത് കേരള ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിച്ച ആറാമത് ഇസ്ലാമിക് സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്യുന്ന ഭീകരസംഘങ്ങളെ ചൂണ്ടിക്കാട്ടി ഇസ്ലാമിനെയും മുസ്ലിംകളെയും അപരവല്‍ക്കരിക്കുന്ന മാധ്യമസമീപനം അപലപനീയമാണ്. ഇതുവഴി സമൂഹത്തിലുണ്ടായിട്ടുള്ള പ്രതിലോമപരമായ പൊതുബോധത്തെ ശരിയായ ആശയ സംവേദനം നടത്തിയും ഇസ്ലാമിന്റെ സാമൂഹികമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയുമാണ് മുസ്ലിംകള്‍ അഭിമുഖീകരിക്കേണ്ടതെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

മനുഷ്യജീവിതത്തിലെ സകല പ്രതിസന്ധികളുടെയും ശരിയായ പരിഹാരം മനുഷ്യരുടെ സ്രഷ്ടാവില്‍ നിന്നുള്ള മാര്‍ഗദര്‍ശനത്തിലാണ് കണ്ടെത്താനാവുകയെന്ന് ‘മടങ്ങുക സ്രഷ്ടാവിലേക്ക്’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് അബ്ദുറഷീദ് കുട്ടമ്പൂര്‍ പറഞ്ഞു. ഉച്ചക്കുശേഷം നടന്ന രക്ഷാകര്‍തൃ സംഗമത്തില്‍ ഇഫക്ടീവ് പാരന്റിങ് എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസ്സെടുത്തു.

ഇസ്ലാമികകാര്യ ഔഖാഫ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഖാലിദ് യൂസുഫ് ബൂ ഗൈസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

ജംഇയ്യത്ത് ഇഹ്‌യാഉ തുറാസില്‍ ഇസ്‌ലാമി ചെയര്‍മാന്‍ ശൈഖ് താരിഖ് സാമി സുല്‍ത്താന്‍ അല്‍ഈസ പ്രസംഗിച്ചു.

നേര്‍പഥം വാരികയുടെ പ്രചരണമാസ കേമ്പയിന്‍ ജാലിയാത്ത് വിഭാഗം പ്രതിനിധി മുഹമ്മദ് അലി ഉല്‍ഘാടനം ചെയ്തു. ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.

അഞ്ച് ഇസ്ലാഹീ മദ്‌റസകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്തു.
വിസ്ഡം ബുക്‌സും ഇസ്ലാഹീ സെന്ററും പുറത്തിറക്കിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ശരീഫ് (കെ.ഐ.ജി), അസീസ് വലിയകത്ത് (കെ.എം.സി.സി), സാദിഖ് അലി (എം.ഇ.എസ്) എന്നിവര്‍ സംബന്ധിച്ചു. സക്കീര്‍ കെ.എ സ്വാഗതവും സി.പി അബ്ദുല്‍ അസീസ്, നന്ദിയും പറഞ്ഞു.

Share this post: