Top News
റെന്റ് എ കാറിലും ഇനി വിദേശികൾക്ക് ജോലിയില്ല, സൗദി സമ്പൂർണ്ണ സ്വദേശിവൽകരണത്തിലേക്ക്

13/03/2018

പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി സൗദി അറേബ്യയിൽ തൊഴിലുകള്‍ സമ്പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കുന്നു. റെന്റ് എ കാര്‍ തൊഴിലുകളില്‍ നിന്ന് സൗദി അറേബ്യയിലെ വിദേശികള്‍ പുറത്താകുമെന്ന കാര്യത്തിൽ തീരുമാനമായി. ഈ മാസം പതിനെട്ട് മുതലാണ് റെന്റ് എ കാര്‍ തൊഴിലുകള്‍ സമ്പൂര്‍ണമായി സ്വദേശികള്‍ക്കായി നീക്കിവയ്ക്കുന്നത്. സൗദി തൊഴില്‍ -സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്.
രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വദേശി യുവതി യുവാക്കള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തുക, മൊത്തം തൊഴില്‍ കമ്പോളത്തില്‍ സ്വദേശികളുടെ പങ്കാളിത്തം പരമാവധി വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തൂലൂടെ ലക്ഷ്യമിടുന്നത്.

അക്കൗണ്ടിങ്, സൂപ്രവൈസിങ്, സെയില്‍സ്, റെസീപ്റ്റ് ആന്‍ഡ് ,ഡെലിവറി തുടങ്ങിയവയിലെ ജോലികളാണ് കാര്‍ റെന്റല്‍ മേഖലയില്‍ സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുകയെന്നു തൊഴില്‍ മന്ത്രാലയം ഔദ്യോഗിക വാക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

സ്വദേശികള്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ വിദേശി ജീവനക്കാരെ കണ്ടെത്തിയാല്‍ അവരുടെ എണ്ണത്തിനനുസരിച്ച പിഴയായിരിക്കും തൊഴിലുടമയുടെ മേല്‍ ചുമത്തുകയെന്നും ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കുമെന്നും തൊഴില്‍ മന്ത്രാലയ ഔദ്യോഗിക വിശദീകരിച്ചു.
നിയമം നടപ്പാവുന്നതു മുതല്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തമായ പരിശോധന ഏര്‍പ്പെടുത്താനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം

Share this post: