പ്രവാസി
ശിഹാബ് തങ്ങളുടെ ജീവിതവും ദർശനങ്ങളും അടങ്ങിയ പുസ്തകം ഇറ്റാലിയൻ ഭാഷയിൽ പുറത്തിറങ്ങി

10/02/2020
പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളുടെ ജീവിതവും ദർശനങ്ങളും അടങ്ങിയ പുസ്തകം ഇറ്റാലിയൻ ഭാഷയിൽ പുറത്തിറങ്ങി. ശിഹാബ് തങ്ങളുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും അന്താരാഷ്ട്ര സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഇറ്റാലിയൻ ഗ്രന്ഥവും അബ്ദുല്ല യൂസുഫ് അലിയുടെ ഖുർആൻ ഇംഗ്ലീഷ് പരിഭാഷയുടെ ഇറ്റാലിയൻ വിവർത്തന ഗ്രന്ഥവും മുസ്‌ലിം യൂത്ത്‌ലീഗ് അധ്യക്ഷനും ശിഹാബ് തങ്ങളുടെ ഇളയ മകനുമായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രകാശനംചെയ്തത്. ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സിയാണ് നാലാമത് സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ് സംഘടിപ്പിച്ചത്. ഇറ്റലിയിലെ എഴുത്തുകാരിയും ചിന്തകയുമായ ഡോ. സബ്രീറീന ലെയാണ് ഇറ്റാലിയൻ ഭാഷയിൽ പുസ്തകം തയ്യാറാക്കിയത്. എ.പി. ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. മുജീബ് ജയ്ഹൂൻ ശിഹാബ് തങ്ങളെക്കുറിച്ച് രചിച്ച ‘സ്ലോഗൻസ് ഓഫ് ദ സേജ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മൊഴി മാറ്റമാണ് ഈ ഗ്രന്ഥം.

യു.എ.ഇ. കെ.എം.സി.സി. പ്രസിഡന്റ് പുത്തൂർ റഹ്മാൻ സമ്മേളനം ഉദ്ഘാടനംചെയ്തു. ദുബായ് മലപ്പുറം കെ.എം.സി.സി. പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ഹാജി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ. അൻവർ നഹ ആമുഖ പ്രഭാഷണവും ഈ രണ്ട് ഗ്രന്ഥങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്ന ‘അൽ നൂർ’ പദ്ധതിയുടെ പ്രഖ്യാപനവും നടത്തി. സുപ്രീംകോടതിയിലെ അഭിഭാഷകനായ ഹാരിസ് ബീരാനെ സയ്യിദ് ശിഹാബ് പേഴ്‌സണാലിറ്റി അവാർഡ് നൽകി ആദരിച്ചു.

Share this post: