പ്രവാസി
സമസ്ത ബഹ്‌റൈന്‍ ഹൂറ മദ്‌റസ 18ാം വാര്‍ഷിക ത്രിദിന മത പ്രഭാഷണ പരമ്പര ഫെബ്രുവരി 2 മുതല്‍

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ ഹൂറയില്‍ പ്രവര്‍ത്തിക്കുന്ന തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്രസയുടെ 18ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 2,3,4 തിയ്യതികളില്‍ മതപ്രഭാഷണ പരമ്പര സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മനാമ അല്‍രാജാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ദിവസവും രാത്രി 8.മണിക്ക് ആരംഭിക്കുന്ന മത പ്രഭാഷണ വേദികളില്‍ നാട്ടില്‍ നിന്നുള്ള പ്രമുഖ വാഗ്മികളാണ് പങ്കെടുക്കുന്നത്.
സമാപന ദിവസം നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിന് കേരളത്തിലെ പ്രാര്‍ത്ഥന സദസ്സുകളില്‍ നിറസാനിധ്യമായ ശൈഖുനാ ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും.
ഫെബ്രു.2.3 ദിവസങ്ങളില്‍ പ്രമുഖ വാഗ്മി ഹാഫിസ് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമിയും 4ന് പ്രഭാഷണ വേദികളിലെ വിസ്മയമായ അത്ഭുത ബാലന്‍ ഹാഫിസ് ജാബിര്‍ എടപ്പാളും മത പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ആത്മീയ സദസ്സിനും പ്രാര്‍ത്ഥനക്കുമാണ് ശൈഖുനാ ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കുന്നത്.

പ്രഭാഷണ പരന്പര സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് മെമ്പര്‍ ആദില്‍ അസൂമി മുഖ്യാതിതി ആയിരിക്കും.ബഹ്‌റൈനിലെ പ്രമുഖ നേതാക്കളും മതസാമൂഹ്യസാസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട. പരിപാടിയുടെ വിജയത്തിനു വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

നിലവില്‍ 18ാം വാര്‍ഷികം ആഘോഷിക്കുന്ന മദ്‌റസ 17 വര്‍ഷം മുന്പ് 10 കുട്ടികളുമായി ഹൂറയിലെ ഒരു ഒറ്റ മുറിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് നാലു ക്ലാസ് റൂമുകളിലായി 70 ല്‍ പരം വിദ്യാര്‍ത്ഥികളിവിടെ മത പഠനം നടത്തുന്നു. കൂടാതെ സ്വലാത്ത് ഹാളും ഓഫീസും ഉള്‍പ്പെടുന്ന വിശാലമായ സംവിധാനങ്ങളും ഇവിടെ നിലവിലുണ്ട്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസയില്‍ പൊതു പരീക്ഷകളിലെല്ലാം 100% വിജയമാണ് ലഭിച്ചു വരുന്നത്.
ഉന്നത പഠന നിലവാരം ഉറപ്പു വരുത്തി മുന്നോട്ടു പോകുന്ന മദ്‌റസയിലേക്ക് ഹൂറയുടെ പരിസര പ്രദേശങ്ങളില്‍ നിന്നെല്ലാം വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വ്യാഴം,വെള്ളി ഒഴികെ പ്രതിദിനം വൈകീട്ട് 6 മണി മുതല്‍ 8 മണി വരെയാണ് ക്ലാസ്സുകള്‍.
മദ്‌റസാ ക്ലാസ്സുകള്‍ക്കു പുറമെ വ്യാഴാഴ്ചകളില്‍ സ്വലാത്ത് മജ് ലിസ്, മാസാന്ത മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്, മുതിര്‍ന്നവര്‍ക്കായി ഫാമിലി ക്ലാസുകള്‍, ഖുര്‍ആന്‍ ക്ലാസുകള്‍ എന്നിവയും ഈ മദ്‌റസ കേന്ദ്രീകരിച്ചു നടന്നു വരുന്നു.
പുതിയ സാഹചര്യത്തില്‍ മദ്‌റസാ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും കാലോചിതമായ സംവിധാനങ്ങളൊരുക്കാനുമാണ് ഈ വാര്‍ഷികാഘോഷത്തോടെ മദ്‌റസാ ഭാരവാഹികള്‍ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന മത പ്രഭാഷണ പരന്പരയില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെ മുഴുവന്‍ വിശ്വാസികളെയും ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33712999,39428094 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ എസ്.എം. അബ്ദുല്‍ വാഹിദ്, ശംസുദ്ധീന്‍ മൗലവി, മഹ് മൂദ് പെരിങ്ങത്തൂര്‍, അശ്‌റഫ് കാട്ടില്‍ പീടിക, നൗഷാദ് അടൂര്‍, മുനീര്‍ ജീപ്പാസ്, മനാഫ് തങ്ങള്‍, കുഞ്ഞഹമ്മദ് തിരുവള്‌ലൂര്‍, റാഷിദ് മൂരാട്, ജസീര്‍ മൂരാട്, നൗഫല്‍ മാഹി, റിയാസ് കാസര്‍ഗോഡ് എന്നിവര്‍ പങ്കെടുത്തു.

Share this post: