പ്രാദേശിക വാര്‍ത്തകള്‍
ആദിവാസികുട്ടികളുടെ ഹോസ്റ്റലിലേക്ക് തയ്യൽ മെഷീനുകള്‍ നൽകി

11/03/2019

മലപ്പുറം: അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ താമസിക്കുന്ന മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് തയ്യല്‍മെഷനുകളും, ഭക്ഷണവും മലപ്പുറം സ്പിന്നിംഗ്മില്‍ ചെയര്‍മാന്‍ പാലോളി അബ്ദുറഹിമാന്‍ വിതരണം ചെയ്തു. നേരത്തെ അട്ടപ്പാടിയില്‍ അബ്ദുറഹിമാന്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനത്തിനിടെ മഹിളാശിക്ഷണ്‍ കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ സൂക്ഷിക്കാനായി അലമാര വാങ്ങിച്ചുനല്‍കിയിരുന്നു. തങ്ങള്‍ക്ക് തയ്യല്‍പഠിക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്നും ഒരു തയ്യല്‍മെഷീന്‍ ലഭ്യമായാല്‍ ഇവിടെ പരിശീലനമൊരുക്കാന്‍ സാധിക്കുമെന്നും അന്ന് കുട്ടികള്‍ അബ്ദുറഹിമാനോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രണ്ടുതയ്യല്‍ മെഷീനുകള്‍ മഹിളാശിക്ഷണ്‍ കേന്ദ്രത്തിലേക്ക് സമ്മാനിച്ചത്. ഇതിന് പുറമെ 42 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലേക്കു ഒരുദിവസത്തേക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണവും അദ്ദേഹം എത്തിച്ചുനല്‍കി. മഹിളാസമഖ്യസൊസൈറ്റിയും, എന്‍.ടി.ടി.എഫ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ആദിവാസി സെവന്‍സ്ഫുട്‌ബോളിലെ വിജയികള്‍ക്കുള്ള അയ്യായിരംരൂപയുടെ ക്യാഷ്‌പ്രൈസും അദ്ദേഹം സ്‌പോണ്‍സര്‍ ചെയ്തു. മഹിളാസമഖ്യജില്ലാകോര്‍ഡിനേറ്റര്‍ എം.റജീനയുടെ സാന്നിധ്യത്തിലാണ് സഹായങ്ങള്‍കൈമാറിയത്. കഴിഞ്ഞ മാസം അട്ടപ്പാറിയിലെ വിവിധ ഊരുകളിലെ അവശരായ 35 കുടുംബങ്ങള്‍ക്ക് 20ദിവസത്തേക്കുള്ള മുഴുവന്‍ഭക്ഷണ സാധനങ്ങളടക്കിയ കിറ്റും ഇദ്ദേഹം കൈമാറിയിരുന്നു.

Share this post: