പ്രാദേശിക വാര്‍ത്തകള്‍
ആര്‍ത്തല എസ്റ്റേറ്റ് മാനേജരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

08-Aug-2017
മഞ്ചേരി: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിലെ ആര്‍ത്തല എസ്റ്റേറ്റ് മാനേജര്‍ പാലക്കാട് ചാലിശ്ശേരി കാവുക്കോട് എടയത്തുവളപ്പില്‍ അലിമോന്‍ (57) ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള നാല് ലോഡ് റബ്ബര്‍മരം, വിവിധ യന്ത്രസാമഗ്രികള്‍, മര ഉരുപ്പടികള്‍, പാനല്‍ സിസ്റ്റം, ബാറ്ററികള്‍ എന്നിവയടക്കം അഞ്ച് ലക്ഷം രൂപയുടെ കളവ് ചെയ്യുകയും അടക്ക വിറ്റ് കിട്ടിയ മൂന്ന് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ ഉടമക്ക് നല്‍കിയില്ലെന്നുമാണ് പരാതി. 2010-2015 കാലയളവിലാണ് കേസിന്നാസ്പദമായ സംഭവം. എസ്റ്റേറ്റ് ഉടമ എം സി ബാലന്‍ കരുവാരക്കുണ്ട് പൊലസില്‍ പരാതി നല്‍കുകയായിരുന്നു.

മാനേജരായ പ്രതി എസ്റ്റേറ്റിലെ മുപ്പത് ഏക്കര്‍ സ്ഥലം ഉടമയറിയാതെ പാട്ടത്തിന് നല്‍കി വഞ്ചിച്ചതായി മറ്റൊരു കേസും നിലവിലുണ്ട്. എസ്റ്റേറ്റില്‍ തനിക്കും പാര്‍ട്ണര്‍ഷിപ്പുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കരുവാരക്കുണ്ട് സ്വദേശി രാഘവന്‍ മകന്‍ സുരേഷിന് വാഴകൃഷി ചെയ്യുന്നതിനാണ് പാട്ടത്തിന് നല്‍കിയത്. ഒരു ലക്ഷം രൂപ ഇതിനായി പ്രതി കൈപ്പറ്റിയതായും പരാതിയുണ്ട്. വിവരമറിഞ്ഞഎസ്റ്റേറ്റ് ഉടമ വിളവെടുപ്പിന് അനുവദിച്ചില്ലെന്നും അതുവഴി ഒരു ലക്ഷം രൂപയുടെ സംഭവിച്ചുവെന്നും സുരേഷിന്റെ പരാതിയിലുണ്ട്.

Share this post: