പ്രാദേശിക വാര്‍ത്തകള്‍
ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ ഏഴ് കോടി രൂപയുടെപദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

17-Jun-2017
ഇരിമ്പിളിയം: വലിയകുന്ന് – കോട്ടപ്പുറം ഭാഗത്ത് മാലിന്യം തടയുന്നതിന് സി സി ടി വി ക്യാമറ സ്ഥാപിക്കല്‍ മുതല്‍ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി ഉറവ കിണര്‍ റീചാര്‍ജിംഗ് ഉള്‍പ്പെടെയുളള ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ ഏഴ് കോടി രൂപയുടെപദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം.
നവകേരള മിഷന്റെ ഭാഗമായുളള ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് എന്നിവക്ക് ഊന്നല്‍ കൊടുക്കുന്ന പദ്ധതികളാണ് അംഗീകാരം ലഭിച്ചവയിലുളളത്. ആരോഗ്യ മേഖലയില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലായി പരിരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതികള്‍, കാന്‍സര്‍ രോഗ നിര്‍ണ്ണയക്യാമ്പ്, വിവിധ ഡിസ്പന്‍സറികളിലേക്ക് മരുന്ന് വിതരണം തുടങ്ങിയവക്കായി 23 ലക്ഷം രൂപ വകയിരുത്തി.
മങ്കേരി ഗവ. എല്‍ പി സ്‌കൂളിലെ ഒന്നാംതരം സ്മാര്‍ട്ടാക്കുന്നതിനായി ഒന്നാം ക്ലാസ്- ഒന്നാംതരം പദ്ധതി, കൊടുമുടി, വലിയകുന്ന് സൗത്ത് അംഗനവാടികള്‍ മോഡല്‍ അംഗനവാടിയാക്കല്‍, താലോലം- അംഗന്‍വാടികള്‍ക്ക് കിടക്ക വിതരണം, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ലാപ്‌ടോപ്പ്, സൈക്കിള്‍ വിതരണം തുടങ്ങിയ പദ്ധതികളും അംഗീകാരം നേടിയവയില്‍ ഉള്‍പ്പെടുന്നു. സ്ത്രീ ശാക്തീകരണത്തിനായി വനിതകള്‍ക്ക് കിടാരി വിതരണം, സമൃദ്ധി- വനിതകള്‍ക്ക് അടുക്കളത്തോട്ടം,
തരിശ് രഹിത ഇരിമ്പിളിയം- ജെ എല്‍ ജി ഗ്രൂപ്പുകള്‍ക്ക് ജൈവപച്ചക്കറി കൃഷി പ്രോത്സാഹനം, നിര്‍ഭയ-വനിതകള്‍ക്ക് കായികപരിശീലനം തുടങ്ങിയവക്കായി 18 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ശുചിത്വ മേഖലയില്‍ വീടുകളിലെ മാലിന്യ നിര്‍ മ്മാര്‍ജ്ജനത്തിനായി ബയോഡൈജസ്റ്റര്‍ പോട്ട്, വിദ്യാലയങ്ങള്‍ക്ക് ശുചിത്വ കക്കൂസ്, ശുചിത്വ സുന്ദരം; എന്റെ ഗ്രാമം- ക്ലീന്‍ ഇരിമ്പിളിയം രണ്ടാംഘട്ടം തുടങ്ങിയവയിലായി 27 ലക്ഷം രൂപയുടെ പദ്ധതികളുണ്ട്.
കാര്‍ഷിക മേഖലയില്‍ തെങ്ങ്, വാഴകൃഷിക്ക് ജൈവവള സബ്‌സിഡി, നെല്‍കൃഷിക്കാര്‍ക്ക് കൂലി ചെലവ്, നെല്‍വിത്ത് വിതരണം, പാടശേഖരങ്ങളിലേക്ക് ജലസേചന സൗകര്യം ഏര്‍പ്പെടുത്തല്‍, മണ്ണാര്‍തോട്- വലിയതോട് സംരക്ഷണം, വി സി ബി നിര്‍മ്മാണം തുടങ്ങിയവക്കായി 55 ലക്ഷം രൂപയുടെ പദ്ധതികള്‍ അംഗീകാരം ലഭിച്ചവയില്‍ ഉള്‍പ്പെടുന്നെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി ഉമ്മുകുല്‍സു അറിയിച്ചു.

Share this post: