Main News
ഐ.ടി.ഐ.കളില്‍ കാലഹരണപ്പെട്ട ട്രേഡുകള്‍ നിര്‍ത്തലാക്കും – മന്ത്രി ടി.പി.രാമകൃഷ്ണന്‍

ഐ.ടി.ഐ.കളില്‍ കാലത്തിന്റെ ആവശ്യകതയ്ക്കനുസരിച്ചുള്ള ട്രേഡുകള്‍ ആരംഭിക്കുമെന്ന് തൊഴില്‍- നൈപുണ്യ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കാഞ്ഞിരമുക്കിലെ മാറഞ്ചേരി ഐ.ടി.ഐ യുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ട്രെഡുകള്‍ ആരംഭിക്കുന്നതുള്‍പ്പെടെ മാറഞ്ചേരി ഐ.ടി.ഐയുടെ വളര്‍ച്ചയ്ക്ക് സാധ്യമായ എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളും ഐ.ടി.ഐ കളുമായുള്ള സഹകരണം ശക്തി പ്പെടുത്തി തൊഴില്‍ നൈപുണ്യ പരിശീലനം വ്യാപിപ്പിക്കും. വ്യവസായ പരിശീലനത്തിലുള്ള സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പരിശീലനത്തിന്റെ നിലവാരം ഉയര്‍ത്താനും ഐ.ടി.ഐ കളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. എല്ലാ ഐ.ടി ഐ കളും ദേശീയ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടേയിരിക്കുകയാണ്. അന്തര്‍ദേശീയ നിലവാരമുള്ള സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ ഐ.ടി.ഐ കളില്‍ സ്ഥാപിക്കും. പുതിയ സാങ്കേതിക വിദ്യക്കക്കനുസരിച്ചുള്ള പഠനരീതി നടപ്പാക്കാനുള്ള നടപടി സ്വീകരിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഐ.ടി, ഐ.ടി അധിഷ്ഠിത സേവനം, ടൂറിസം ഹോസ്പിപിറ്റാലിറ്റി, അഡ്വാന്‍സ്ഡ് ഐ.ടി, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ തൊഴില്‍ അവസരങ്ങള്‍ മുന്‍നിര്‍ത്തി കോഴ്‌സുകള്‍ പുന:ക്രമീകരിക്കുമെന്നും അദേഹം പറഞ്ഞു.
തൊഴില്‍ പരിശീലനത്തിനും നൈപുണ്യ ശേഷി വികസിപ്പിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധേയമായ നേട്ടങ്ങളാണ് സംസ്ഥാനം കൈവരിച്ചു കൊണ്ടിരിക്കുന്നത്. ശാസ്ത്ര – സാങ്കേതിക വൈജ്ഞാനിക രംഗത്തെ മാറ്റങ്ങള്‍ക്കും തൊഴില്‍ മേഖലയിലെ വൈവിധ്യവത്കരണത്തിനും അനുസൃതമായി യുവാക്കളുടെ അറിവും തൊഴില്‍ നൈപുണ്യവും വര്‍ധിപ്പിക്കുകയും അതുവഴി രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ മേഖലയിലെ മാറ്റങ്ങളുമായി കിടപിടിക്കുന്ന തൊഴില്‍ വൈദഗ്ധ്യം നമ്മുടെ യുവതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും യുവാക്കള്‍ക്ക് താല്‍പര്യമുള്ള തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കാനുള്ള നൈപുണ്യശേഷി കൈവരിക്കാന്‍ കേരളത്തില്‍ ഇന്ന് ധാരാളം അവസരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാവിയിലെ അവസരങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ മേഖലകളില്‍ നടപടിയെടുക്കുന്നത്. നവീകരണ ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും . നൈപുണ്യകര്‍മ്മ സേനയുടെ പ്രളയ ബാധിത പ്രദേശങ്ങളിലെ വൈദ്യുതി ഉപകരണങ്ങള്‍ പുനസ്ഥാപിച്ചു കൊടുത്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

പൊതു സമ്മേളനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസം കൊണ്ട് ജീവിതം കെട്ടിപടുക്കാന്‍ ഉതകുന്ന ഏറ്റവും മികച്ച കോഴ്‌സാണ് ഐ.ടി.ഐ കളുടെയെന്ന് ചടങ്ങില്‍ അധ്യക്ഷനായ എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഐ.ടി.ഐ മാറഞ്ചേരിക്ക് എന്‍.സി.വി.ടി ( നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വോക്കേഷണല്‍ ട്രെയിനിംഗ് ന്യൂഡല്‍ഹി) യുടെ അംഗീകാരം 2018 ഓഗസ്റ്റില്‍ ലഭിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. എറണാകുളത്ത് സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് കേരള നൈപുണ്യ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാറഞ്ചേരി ഐ.ടി ഐ.യിലെ ഇലക്ട്രീഷ്യന്‍ ട്രൈയിനി ഷഫീഖ് റഹ്മാന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉപഹാരം നല്‍കി. എടപ്പാളിലെ സ്വകാര്യ ഐ.ടി.ഐ സ്ഥാപനമായ വിക്ടറി ഐ.ടി.ഐ എം.ഡി യും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 50,000 രൂപയും മന്ത്രിക്ക് കൈമാറി . കൂടാതെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി മൂന്നാം ഘട്ട മുള നട്ടു പിടിപ്പിക്കുന്ന പദ്ധതി സ്പീക്കര്‍ എന്‍ ആര്‍ ജി എസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിന് മുള തൈകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു.

Share this post: