പ്രാദേശിക വാര്‍ത്തകള്‍
കോവിഡ് 19- ജില്ലയില്‍ പ്രാദേശിക ദ്രുതകര്‍മ്മസേനകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

മലപ്പുറം : കോവിഡ് 19 ജില്ലയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി പഞ്ചായത്ത്, വാര്‍ഡ് തലത്തില്‍ രൂപീകരിച്ച ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. പ്രാദേശിക തലത്തില്‍ രോഗം പ്രതിരോധിക്കുന്നതിനായി ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. വൈറസ് വ്യാപനം പരമാവധി ചെറുത്തും രോഗികളെയും അവരുമായി ഇടപഴകിവരെയും സമയബന്ധിതമായി കണ്ടെത്തിയും ഏതു സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ദ്രുതകര്‍മ്മസേന. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തില്‍ കൂടി സജീവമായാല്‍ മാത്രമേ രോഗ വ്യാപനം തടയാനാവൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക തലത്തില്‍ ദ്രുതകര്‍മ്മസേന രൂപീകരിച്ചിട്ടുള്ളത്.

പഞ്ചായത്ത്/നഗരസഭ അധ്യക്ഷന്‍മാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, ആയൂര്‍വേദ/ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വില്ലേജ് ഓഫീസര്‍, കുടംബശ്രീ സി.ഡി.എസ്്, സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പഞ്ചായത്ത്/നഗരസഭ ആര്‍.ആര്‍.ടിയില്‍ ഉള്‍പ്പെടുക.
വാര്‍ഡ് മെമ്പര്‍ / കൗണ്‍സിലര്‍, ആശ വര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ വാര്‍ഡ് തല ആര്‍ആര്‍.ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കും.

ആര്‍.ആര്‍.ടിയുടെ ചുമതലകള്‍

*കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നു വന്നവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വിവരം ജില്ലാകണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.
* നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
*വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ ബോധവത്ക്കരണം നടത്തണം. അവര്‍ക്ക് സ്‌നേഹപൂര്‍ണ്ണമായ അന്തരീക്ഷം ഉറപ്പുവരുത്തണം
*നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കല്യാണം, മരണം, ആരാധനാലയങ്ങളിലെ കൂട്ട പ്രാര്‍ത്ഥനകള്‍ മുതലായ പൊതു ചടങ്ങുകളും പൊതുസ്ഥലങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
*വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കണം.
*തദ്ദേശീയമായി വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് മുതലായ സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ വഴി ഔദ്യോഗിക അറിയിപ്പുകളും നിര്‍ദേശങ്ങളും എല്ലാവരിലും എത്തിക്കണം. ഔദ്യോഗികമല്ലാത്ത വിവരങ്ങള്‍ കൈമാറുന്നില്ലന്ന് ഉറപ്പുവരുത്തണം.
*വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പഞ്ചായത്ത് / ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യുക . അവരെ നേരിട്ട് ആശുപത്രിയില്‍ പോകാന്‍ അനുവദിക്കരുത്.
* വികലാംഗര്‍ക്കും മുതിര്‍ന്ന പൗര•ാര്‍ക്കും മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും പ്രത്യേക പരിചരണം ഉറപ്പു വരുത്തണം.
*ഓഫീസുകള്‍,ആരാധനാലയങ്ങള്‍,ഹോട്ടലുകള്‍,തട്ടുകടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുജനങ്ങള്‍ ബന്ധപ്പെടുന്ന സ്ഥലങ്ങളില്‍ ബ്രേക്ക് ദ ചെയിന്‍ പരിപാടിയുടെ ഭാഗമായി കൈകള്‍ വൃത്തിയാക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം.
*ഓരോ വാര്‍ഡിലും ജോലി,ചികിത്സ,സ്‌പോര്‍ട്‌സ്, ടൂറിസം മുതലായ ആവശ്യങ്ങള്‍ക്കായി വന്നിട്ടുള്ള വിദേശികളുടെ വിവരങ്ങള്‍ കണ്ടെത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.
*അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കണം. അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പൊതുനിര്‍ദേങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

Share this post: