പ്രാദേശിക വാര്‍ത്തകള്‍
ജന്മനാ ശാരീരിക തളർച്ച ബാധിച്ച നൗഫിയക്കും നസ്രിയക്കും വീടൊരുക്കി സിപിഐഎം സൈബർ വോയിസ്

03/11/2018

എടപ്പാൾ:ജന്മനാ ശാരീരിക തളർച്ച ബാധിച്ച് ദുരിതം പേറി ജീവിക്കുന്ന എടപ്പാള്‍, ആലംകോട് സ്വദേശികളായ സഹോദരിമാർക്ക് വീട് നിർമ്മിച്ച് നൽകി സിപിഐഎം സൈബർ വോയിസിന്റെ മാതൃകാ പ്രവർത്തനം. ശരീരം മുഴുവൻ തളർന്ന പതിനാല് വയസുകാരി നസ്രിയയും, ശരീരം പാതി തളർന്ന പതിനാറ് വയസ്കാരി നൗഫിയയും രോഗിയായ മാതാവിനൊപ്പം ഒരു കൊച്ചു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇവരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ സൈബർ വോയിസ് പ്രവർത്തകർ വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. ആലങ്കോട് പഞ്ചായത്തിലെ കക്കടിക്കലിൽ നിർമ്മിച്ച വീടിന്റെ താക്കോല്‍ദാനം നവംബര്‍ ഒമ്പതിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.

ദുരിതങ്ങളോട് പൊരുതി ജീവിക്കുന്ന ഈ കുഞ്ഞു സഹോദരിമാർക്ക് ഒരു കൈത്താങ്ങാവാൻ സൈബർ വോയ്സ് ചാരിറ്റി ഫെബ്രുവരിയിലാണ് സഹായ നിധി ആരംഭിച്ചത് . സ്വന്തമായി ഒരു വീടെന്ന ഈ കുടുംബത്തിന്റെ സ്വപ്നം പൂർത്തീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സൈബർ വോയിസ് കൂട്ടായ്മ.

Share this post: