പ്രാദേശിക വാര്‍ത്തകള്‍
ജില്ലയില്‍ 80109 പേർ നാളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും

12/03/2019

മലപ്പുറം: ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 80109 വിദ്യാര്‍ത്ഥികള്‍ നാളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന റവന്യു ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 27436 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതുന്നത്. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 15712 പേരും തിരൂരങ്ങാടിയില്‍ 20483 ഉം തിരൂരില്‍ 16478 പേരുമാണ് പരീക്ഷയെഴുതുന്നത്.
ഡിസംബറില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷമാണ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ നാളെ പരീക്ഷയെ നേരിടാനെത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്രത്യേക പരിശീലനങ്ങള്‍ മോഡല്‍ പരീക്ഷകള്‍ സാഹവാസ ക്യാമ്പുകള്‍ എന്നിവയോടൊപ്പം എ പ്ലസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുതിന് പ്രത്യേക എ പ്ലസ് ക്ലബ്ബുകളും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലനങ്ങളും ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 5702 എ പ്ലസ് ഉള്‍പ്പടെ 97.84 ശതമാനം വിജയമാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ല നേടിയത്

Share this post: