പ്രാദേശിക വാര്‍ത്തകള്‍
നിര്‍ധന കുടുംബത്തിന് ഓട്ടോ തൊഴിലാളികളും സുമനസ്സുകളും ചേര്‍ന്ന് ശൗചാലയം നിര്‍മിച്ച് നല്‍കി

17-Jun-2017
നിലമ്പൂര്‍: നിലമ്പൂര്‍ മുതീരിയില്‍ നിര്‍ധന കുടുംബത്തിന് ഓട്ടോ തൊഴിലാളികളും സുമനസ്സുകളും ചേര്‍ന്ന് ശൗചാലയം നിര്‍മിച്ച് നല്‍കി. മൂന്ന് പെണ്‍മക്കളും മാതാവുമടക്കമുള്ള ഈ കുടുംബത്തിനാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ സുമനസ്സുകളുമായി ചേര്‍ന്ന് ശൗചാലയം നിര്‍മിച്ച് നല്‍കിയത്. നിലമ്പൂര്‍ മുനിസിപ്പല്‍ ഓട്ടോതൊഴിലാളി യൂണിയന്റെ(ഐഎന്‍ടിയുസി) നേതൃത്വത്തിലാണ് ടൈല്‍സ് പതിച്ച് ആധുനീക സംവിധാനത്തോടെയുള്ള ശൗചാലയം ഒരുക്കിയത്. സാമൂഹ്യസേവന രംഗത്ത് സജീവമായിട്ടുള്ള ഒരുമ കൂട്ടായ്മയാണ് കുടുംബത്തിന്റെ ശോചനീയാവസ്ഥ ഓട്ടോതൊഴിലാളികളുടെ ശ്രദ്ധയില്‍ പെടുത്തിയത്.
ആവശ്യമായ സഹായവുമായി മേരിമാത എജ്യൂക്കേഷന്‍ ട്രസ്റ്റും തൊഴിലാളികള്‍ക്കൊപ്പം കൈകോര്‍ത്തതോടെ ഇവരുടെ സ്വന്തം ശൗചാലയമെന്ന് സ്വപ്‌നം യാഥാര്‍ത്ഥ്യമായി. പ്ലാസ്റ്റിക് മേഞ്ഞ താല്‍ക്കാലിക ശൗചാലയമാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഏകദേശം 60,000 രൂപയോളം ചെലവഴിച്ചാണ് ശൗചാലയം പണിതീര്‍ത്തത്. കുടുംബം പോറ്റാന്‍ രാപകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ തങ്ങളുടെ വിഹിതവും സുമനസ്സുകളുടെ വിഹിതവും സ്വരൂപിച്ച് മാതൃകാപരമായ ഈ പ്രവൃത്തി നടത്തിയത്. ചടങ്ങില്‍ കെപിസിസി സെക്രട്ടറി വി എ കരീം, മേരിമാത എജ്യൂക്കേഷന്‍ ഗൈഡന്‍സ് ട്രസ്റ്റ് എംഡി സിബി വയലില്‍, ഐഎന്‍ടിയുസി ഓട്ടോ തൊഴിലാളി മണ്ഡലം പ്രസിഡന്റ് റഹീം ചോലക്കല്‍, ടിഎംഎസ് ആസിഫ്, ഭാസ്‌കരന്‍ മുതീരി, ബാവ ചന്തക്കുന്ന് തുടങ്ങിവര്‍ പ്രസംഗിച്ചു. നഗരസഭയില്‍ ഉള്‍പ്പെടെ ത്രിതലപഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശൗചാലയമായെന്ന് പ്രഖ്യാപനം നടത്തിയിട്ടും സ്വന്തം ശൗചാലയമില്ലാത്ത നിരവധി കുടുംബങ്ങളാണ് നിലമ്പൂര്‍ മേഖലയിലുള്ളത്.

Share this post: