പ്രാദേശിക വാര്‍ത്തകള്‍
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ‘അനുയാത്രാ’പദ്ധതിക്ക് തുടക്കമായി

03/11/2017

നിലമ്പൂര്‍: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സാമൂഹ്യസുരക്ഷാ മിഷന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ‘അനുയാത്രാ’ പദ്ധതിക്ക് തുടക്കമായി. രാവിലെ ആശുപത്രിയില്‍ ചേര്‍ന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സി.ഹമീദ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ.പി.വി.അനീന അധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ. ഡോ.നീതു, പരിവാര്‍ ജില്ലാ കമ്മിറ്റി ഭാരവാഹി മനോജ്, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍, ശാരീരിക വൈകല്യമുള്ളവര്‍, നടക്കാന്‍ വയ്യാത്തവര്‍, സംസാരിക്കാനും കേള്‍ക്കാനും കഴിയാത്തവര്‍ തുടങ്ങിയ 18 വയസ്സിന് താഴെയുള്ളവരെ ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവര്‍ക്കായി ജില്ലാ ആശുപത്രിയില്‍ എല്ലാ വെള്ളിയാഴ്ചയും രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലുമണിവരെ ഒ.പി.പ്രവര്‍ത്തിക്കും. ഒ.പി.യില്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങിയവരുടെ സേവനങ്ങള്‍ ലഭ്യമാകും. മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ നിന്ന് ലഭിച്ചിരുന്ന സേവനങ്ങള്‍ ഇനിമുതല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ലഭിക്കും.
ശനിയാഴ്ച എടക്കരയിലും, തിങ്കളാഴ്ച അരീക്കോടും ചൊവ്വ എടവണ്ണയിലും ബുധന്‍ പൂക്കോട്ടുംപാടത്തും വ്യാഴാഴ്ച വണ്ടൂരുമുള്ള പാലിയേറ്റീവ് ക്ലീനിക്കുകളില്‍ സംഘം രോഗികളെ സന്ദര്‍ശിച്ച് ചികില്‍സ നല്‍കും.

Share this post: