പ്രാദേശിക വാര്‍ത്തകള്‍
നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് അവാര്‍ഡ് നാളെ വിതരണം ചെയ്യും

13/11/2017
മലപ്പുറം: നെഹ്‌റു യുവ കേന്ദ്രയുടെ മികച്ച യൂത്ത് ക്ലബിനുള്ള 2017 ലെ ജില്ലാതല യൂത്ത് അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും. നെഹ്‌റു യുവ കേന്ദ്ര സ്ഥാപക ദിനമായ നാളെ 10.30 ന് കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി കെ കുഞ്ഞാലിക്കുട്ടി എം.പി അവാര്‍ഡ് സമ്മാനിക്കും.
മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡിന് ഇരിങ്ങല്ലൂര്‍ അമ്പലമാട് ഫെയ്മസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അര്‍ഹത നേടി. ആരോഗ്യ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, കലാ-കായിക പ്രവര്‍ത്തനം, നൈപുണി പരിശീലനം, വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികള്‍, ഊര്‍ജ്ജ സംരക്ഷണം, ദേശീയ – അന്തര്‍ദേശീയ ദിനാചരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ 2016 -17 വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല സമിതി ഫെയ്മസ് ക്ലബ്ബിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ജില്ലാതല അവാര്‍ഡ്. ഒരു ലക്ഷം രൂപയുടെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതിന് ക്ലബ് യോഗ്യതയും നേടി. മികച്ച പ്രവര്‍ത്തനം നടത്തിയ മണ്ണാര്‍മല വിദ്യാപോഷിണി ഗ്രന്ഥാലയം, കീഴുപറമ്പ യങ്‌മെന്‍സ് കള്‍ച്ചറല്‍ സെന്റര്‍, മലപ്പുറം ഫോര്‍ട്ട് ഹില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നീ സംഘടനകള്‍ക്ക് പ്രതേക പുരസ്‌കാരങ്ങളും നല്‍കും.

Share this post: