അറിയിപ്പുകള്‍
പ്രളയ ദുരിതബാധിതരെ കണ്ടെത്തല്‍ വിവരശേഖരണം സെപ്റ്റമ്പർ നാല് മുതല്‍

02/09/2019

മലപ്പുറം : ജില്ലയില്‍ പ്രളയത്തില്‍ വെള്ളം കയറിയ വീടുകള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം നല്‍കുന്നതിനായി വീടുകള്‍ കയറി ഉദ്യോഗസ്ഥര്‍ നടത്തുന്ന വിവരശേഖരണം സെപ്തംബര്‍ നാല് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള പരിശീലനം താലൂക്കുകള്‍ കേന്ദ്രീകരിച്ച് സെപ്തംബര്‍ മൂന്ന് ഉച്ചയ്ക്ക് 2.30ന് നടത്തും. റീബില്‍ഡ് കേരള മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ വിവരശേഖരണം നടത്തുന്നത്. ജില്ലാതലത്തചന്റ വിദഗ്ദ്ധ പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാര്‍, ഐ.കെ.എം/ഐ.ടി മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് താലൂക്ക് തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക. താലൂക്ക് തലത്തില്‍ 600 ഉദ്യോഗസ്ഥര്‍മാര്‍ക്ക് ഇവര്‍ പരിശീലനം നല്‍കും. വിവരശേഖരണത്തിനായി വീടുകളില്‍ വിദ്ഗദ്ധര്‍ എത്തുന്ന സമയത്ത് ബന്ധപ്പെട്ട രേഖകളുമായി വീട്ടുടമകള്‍ സ്ഥലത്തുണ്ടായിരിക്കണം. റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് മറ്റ് രേഖകളും എന്നിവ വീട്ടുടമയുടെ കൈവശം ഉണ്ടായിരിക്കണം. വീട്ടുടമ പുറത്ത് പോകുകയാണെങ്കില്‍ രേഖകള്‍ വീട്ടിലെ ആരെങ്കിലും ഏല്‍പ്പിക്കണം.
റവന്യൂ-തദ്ദേശ സ്വയംഭരണ വകുപ്പ് തല ഉദ്യോഗസ്ഥരും ഐ.ടി വൈദഗ്ദ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്ന സര്‍വ്വേ ടീമുകളാണ് ആപ്പ് ഉപയോഗിച്ച് വിവരണം ശേഖരണം നടത്തുക. വില്ലേജ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥന്‍, ഓവര്‍സിയര്‍/എഞ്ചിനീയര്‍, ഐ.ടി വിദഗ്ദ്ധന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് സര്‍വെ ടീം. ഇതില്‍ ഓരോ യൂസറും അവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളിലെ വിവരങ്ങളാണ് രേഖപ്പെടുത്തുക. ഓണ്‍ലൈനായി വിവരങ്ങള്‍ അയക്കുന്ന തോടൊപ്പം കണക്ടിവിറ്റി ഇല്ലാത്ത സാഹചര്യത്തില്‍ ഓഫ് ലൈനായും ഡാറ്റ സേവ് ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്. വീടുകളുടെ ഇപ്പോഴത്തെ അവസ്ഥയുടെ ചിത്രങ്ങള്‍ എടുക്കുന്നതിനും അതത് വീടുകളുടെ വിവരങ്ങളോടൊപ്പം അയക്കുന്നതിനുള്ള സംവിധാനവും ഈ ആപ്പില്‍ ലഭ്യമാണ്. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്നും റീബില്‍ഡ് കേരള ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന സര്‍വെ ടീമിലുള്ള ഉദ്യോഗസ്ഥന്‍ സുലേഖയില്‍ നിന്നും ലഭിച്ച യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യും. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ സര്‍വെ ടീം മെംബേര്‍സിനെ കൂട്ടിച്ചേര്‍ക്കും. ഒരു വളന്റിയര്‍ ഉള്‍പ്പടെ നാല് യൂസറെയാണ് കൂട്ടിച്ചേര്‍ക്കുക. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ വിവരങ്ങള്‍ ചേര്‍ക്കും. സര്‍വെ ചെയ്യപ്പെടുന്ന കുടുംബം ഏതു തരത്തിലുള്ള ദുരിതമാണ് നേരിട്ടത് എന്ന വിവരണമാണ് ആദ്യം രേഖപ്പെടുത്തുക. അതിനു ശേഷം സ്‌ക്രീനില്‍ വരുന്ന ചോദ്യാവലിയില്‍ താലൂക്ക്, വില്ലേജ്, വാര്‍ഡ് നമ്പര്‍, വീട്ടു നമ്പര്‍, തുടങ്ങിയവ രേഖപ്പെടുത്തും. അടുത്ത കോളങ്ങിലായി വീട്ടിലെ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ വിവരങ്ങളും ഉള്‍പ്പെടുത്തും. റേഷന്‍ കാര്‍ഡ് ,ആധാര്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ നമ്പര്‍ ഫോട്ടോ എടുത്ത് സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യും. തുടര്‍ന്ന് നാശഷ്ടം സംഭവിച്ച കെട്ടിടത്തിന്റെ ചിത്രം എടുത്ത് സബ് മിറ്റ് ചെയ്ത് സേവും ചെയ്യും.
ആപ്പ് ഉപയോഗിച്ചുള്ള ഡമോസ്‌ട്രേഷന്‍ കലക്ടറേറ്റില്‍ നടന്നു. യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹ്‌റലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ.ജെ.ഒ അരുണ്‍, പി.എ അബ്ദുസമദ്, ഐ,ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ മെവിന്‍, ഐ.കെ.എം ഡി.ടി.ഒ പി.ആരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: