പ്രാദേശിക വാര്‍ത്തകള്‍
ഭാഷാദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ‘പെണ്‍പട്ടണം’ കാണും; ചര്‍ച്ച ചെയ്യും

30/10/2017

കൊണ്ടോട്ടി; ശ്രേഷ്ഠഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭാഷാ ദിനമായ നവംബര്‍ ഒന്ന് ഉച്ചക്ക് രണ്ടിന് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ ഒത്തുകൂടും. നഗരസഭാ ചെയ്ര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍, കൗണ്‍സിലര്‍മാര്‍ എന്നിവരോടൊപ്പം എഡിഎസ്, സിഡിഎസ് പ്രവര്‍ത്തകരുമാണ്് സംഗമത്തില്‍ പങ്കെടുക്കുക. ഇതിനു പുറമെ നവംബര്‍ ഒന്ന് രണ്ട് തീയതികളില്‍ നഗരസഭയിലെ 361 അയല്‍ക്കൂട്ടങ്ങളിലുള്‍പ്പെട്ട മുഴുവന്‍ വനിതകള്‍ക്കും, കുടുംബശ്രീ പ്രമേയമാക്കി ടി എ റസാഖ് തിരക്കഥ രചിച്ച പെണ്‍പട്ടണം എന്ന ചിത്രം സൗജന്യമായി കാണാന്‍ അവസരമൊരുക്കും. 50 പേര്‍ക്ക് വീതം ദിവസം 2 പ്രദര്‍ശനമാണ് നടക്കുക. അക്കാദമിയിലെ ടി എ റസാഖ് തിയേറ്ററില്‍ പ്രദര്‍ശനവും തുടര്‍ന്ന് ഓപ്പണ്‍ഫോറവും നടക്കും.

ജീവിത ഗന്ധിയായ തിരക്കഥകളിലൂടെ മലയാളസിനിമയില്‍ ഇടം നേടിയ ടി എ റസാഖിന്റെ പേരില്‍ അക്കാദമിയില്‍ സാംസ്‌കാരിക വകുപ്പ് നിര്‍മ്മിച്ചിരിക്കുന്ന ടി എ റസാഖ് ഓഡിയോ വിഷ്വല്‍ തിയേറ്റര്‍ അദ്ദേഹത്തിന്റെ ജന്മദേശമായ കൊണ്ടോട്ടി നഗരസഭയിലെ മുഴുവന്‍ വനിതകള്‍ക്കും പരിചയപ്പെടുത്തുകയാണ് ‘പെണ്‍പട്ടണം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിലൂടെ നിര്‍വ്വഹിക്കുന്നത്.

Share this post: