പ്രാദേശിക വാര്‍ത്തകള്‍
മിനി പമ്പ നവീകരണം : ഉദ്ഘാടനം മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിക്കും.

14/11/2017

കുറ്റിപ്പുറം; ശബരിമലയിലേക്കുള്ള യാത്രയില്‍ ഭക്തന്‍മാര്‍ ഇടത്താവളമായി ഉപയോഗിക്കുന്ന കുറ്റിപ്പുറം മിനി പമ്പയില്‍ ഭക്തന്‍മാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവീകരണങ്ങള്‍ പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം നവംബര്‍ 16ന് വൈകിട്ട് അഞ്ചുമണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ മിനി പമ്പയില്‍ നിര്‍വഹിക്കും.
മന്ത്രി മുന്‍കൈ എടുത്താണ് മിനി പമ്പ നവീകണ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ മൂന്നിന് മിനി പമ്പയില്‍ യോഗം വിളിച്ചിരുന്നു. ഒരുക്കങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സ്പഷ്യല്‍ ഓഫസിറായി ഡപ്യുട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദിനെയും മുഴുവന്‍ സമയ കോഡിനേറ്ററായി ഡപ്യുട്ടി തഹസില്‍ദാര്‍ കെ.സുരേഷിനെയും മന്ത്രി നിയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മിനി പമ്പയിലെ നവീകരണ ജോലികള്‍ അതിവേഗത്തിലാണ് നടന്നത്.
മേഖലയില്‍ 24 മണിക്കൂറും പോലീസ് സേവനം ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.. ഇതിനായി 10 വീതം പോലിസുകാര്‍ വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുഴുവന്‍ പ്രദേശത്തെയും വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.ഭക്തന്‍മാര്‍ക്ക് വിരി വക്കുന്നതിനുള്ള സൗകര്യങ്ങള്‍ തയ്യാറായി,കടവില്‍ ലൈഫ് ഗാഡുകളുടെ സേവനം തുടങ്ങി 12 ലൈഫ് ഗാഡുമാരുടെ സേവനമാണ് ഉണ്ടാവുക. രാത്രിയും പകലുമായി ആറുപേര്‍ പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ എയ്ഡ് സെന്ററും പ്രവര്‍ത്തിക്കും. രാവിലെ ആറുമുതല്‍ ഒമ്പതു വരെയും വൈകിട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പത് വരെയും ഡോക്ടറുടെ സേവനം ഉറപ്പാക്കും. ഇതിനായി എം.ഇ.എസ് മെഡിക്കല്‍ കോളേജുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
വൈള്ളം ലഭ്യമാക്കുന്നതിന് ടാങ്ക് സ്ഥാപിച്ചു. ആരോഗ്യ വകുപ്പിനും ഫയര്‍ സര്‍വീസിനും ആവശ്യമായ പവലിയനുകള്‍ തയ്യാറായി. ഇവര്‍ 24 മണിക്കൂറും സേവന സജ്ജരാവും. മുഴുവന്‍ പ്രദേശത്തെയും ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. സ്വകാര്യ സ്ഥാപനം വഴി ആറ് സോളാര്‍ വിളക്കകളും സ്ഥാപിച്ചിട്ടുണ്ട്.

 

Share this post: