ദേശീയം
സമന്വയ സംവിധാനത്തിലൂടെ രാജ്യത്ത് വിദ്യാഭ്യാസ വിപ്ലവമുണ്ടാക്കണം: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

03-Jan-2017

ന്യൂഡല്‍ഹി: മുസ്‌ലിം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക സാംസ്‌കാരിക പിന്നോക്കാവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിന് രാജ്യവ്യാപകമായി സമന്വയ വിദ്യാഭ്യാസ വിപ്ലവം സാധിച്ചെടുക്കണമെന്ന് ദാറുല്‍ഹുദാ വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ തൈമൂര്‍ നഗറിലെ ഫൗണ്ടൈന്‍ ഇന്റര്‍നാഷണല്‍ കോച്ചിംഗ് സെന്ററിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ദാറുല്‍ഹുദാ ദേശീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹിക-വിദ്യാഭ്യാസ പിന്നോക്കവസ്ഥ മുതലെടുക്കാനാണ് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും പൂര്‍വകാല പൈത്യകവും പാരമ്പര്യവുമുള്ള മുസ്‌ലിം സമൂഹത്തിന്റെ മുന്നേറ്റത്തിന് സമന്വയ സംവിധാനങ്ങളിലൂടെയുള്ള വിദ്യാഭ്യാസ വിപ്ലവമാണ് പരിഹാരമെന്നും രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ദാറുല്‍ഹുദാ നടപ്പിലാക്കികൊണ്ടിരിക്കുന്നത് ഈയൊരു ലക്ഷ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജന.സെക്രട്ടറി ശുജാഅത്ത് ഖാദിരി, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി ഇംറാന്‍ ഇജാസ്, ഇസ്‌ലാമിക് ദഅ്‌വാ സെന്റര്‍ ചെയര്‍മാന്‍ മുഹമ്മദ് ഉമര്‍ ഗൗതം സാഹിബ്, ഡോ. സഈദ് ഹുദവി നാദാപുരം, അഡ്വ. മുഹമ്മദ് ഫൈസല്‍, മന്‍സൂര്‍ ഹുദവി പാതരിമണ്ണ, അബ്ദുസ്സലാം ഹുദവി, ശക്കീല്‍ ഹുദവി കരിപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this post: