കോവിഡ് 19: ജില്ലയില്‍ 4,320 പേര്‍ക്ക് വൈറസ് ബാധ; 4,460 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മെയ് 18) 4,320 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,149 പേര്‍ക്കും 125 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 45 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

68,002 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 51,044 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,514 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 251 പേരും 230 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയറുകളില്‍ 579 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.

4,460 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തി നേടിയത്. ഇതോടെ ജില്ലയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 1,90,126 ആയി. ജില്ലയില്‍ ഇതുവരെ 763 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്.

Share this post:

മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കവിഞ്ഞു. ശനിയാഴ്ച (മെയ് 15) 4,782 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.11 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വൈറസ് ബാധിതരില്‍ ഏറിയ പങ്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കമുണ്ടായവരാണ്. 4,521 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗബാധ. 112 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 144 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

75,469 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 51,848 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,593 പേരാണ് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 154 പേരും 242 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കായുള്ള ഇത്തരം പ്രത്യേക താമസ കേന്ദ്രങ്ങളില്‍ 303 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

ശനിയാഴ്ച 3,669 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,77,646 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായും ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 745 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്

Share this post:

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 14) 3,997 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 38.2 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവില്ല. 3,775 പേര്‍ക്കാണ് വെള്ളിയാഴ്ച നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ. 122 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 95 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

77,183 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ആശുപത്രികളില്‍ 1,574 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 167 പേരും 236 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 220 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

വെള്ളിയാഴ്ച 3,981 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,73,996 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 739 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

Share this post:

മലപ്പുറം: ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒരു തീവ്ര ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ചു ഇതൊരു ചുഴലിക്കാറ്റായി മാറിയേക്കുമെന്നും പ്രവചിക്കപ്പെട്ടിരിക്കുന്നു. ന്യൂനമർദ രൂപീകരണവും വികസവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഏറ്റവും ഉയർന്ന മുന്നറിയിപ്പാണിത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്

Share this post:

14/05/2021

അറബിക്കടലില്‍ ന്യൂന മര്‍ദംരൂക്ഷമായതിനേത്തുടര്‍ന്ന് പൊന്നാനിയിൽ കടൽക്ഷോഭം. പൊന്നാനി വെളിയങ്കോട് പത്തുമുറി, തണ്ണിത്തുറ മേഖലയിലെ നിരവധി വീടുകളാണ് തകർച്ചാഭീഷണിയിൽ. വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. രാവിലെ മുതൽ മേഖലയിൽ കൂറ്റൻ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്.

ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ക്യാമ്പുകളിലേക്ക് മാറാൻ വീട്ടുകാർ തയ്യാറാവുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

അറബിക്കടലില്‍ ന്യൂന മര്‍ദം രൂക്ഷമായതിനേത്തുടര്‍ന്ന് സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this post:

മലപ്പുറം:സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം അതി ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സമില്ലാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി.

കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജനറേറ്റര്‍ അല്ലെങ്കില്‍ റിഡന്റന്റ് പവര്‍ സോഴ്‌സുകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വൈദ്യുത ബന്ധത്തിന് തകരാര്‍ വരുന്ന മുറയ്ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനാവശ്യമായ തയ്യാറെടുപ്പുകള്‍, ആവശ്യമായ ടാസ്‌ക് ഫോഴ്‌സുകള്‍ തുടങ്ങിയവ മുന്‍കൂട്ടി സജ്ജമാക്കുന്നതിന് വൈദ്യുതി ബോര്‍ഡിനോടും നിര്‍ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വൈദ്യുതി മുടങ്ങുന്നില്ലെന്ന് വൈദ്യുതി വകുപ്പും ആരോഗ്യ വകുപ്പും ഉറപ്പുവരുത്തണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.

ഇതിനൊപ്പം ദുരന്തനിവരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുകള്‍, മറ്റ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ എന്നിവിടങ്ങളിലും വൈദ്യുത തടസ്സം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശമുണ്ട്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമുള്ള കണ്‍ട്രോള്‍ റൂമുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുണ്ടെന്ന് ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.

Share this post:

13/05/2021
ലക്ഷദ്വീപിനടുത്ത് അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായും അടുത്ത 24 മണിക്കൂറിനകം തീവ്ര ന്യൂനമര്‍ദമാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ചുഴലിക്കാറ്റ് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ചയോടെ ന്യുനമര്‍ദം രുപപ്പെടുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നാളെയും മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Share this post:

13/05/2021
മലപ്പുറം: പെരുന്നാൾ ദിനത്തിൽ നഗരത്തിലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ.
ലോക്ഡൗണിനെ തുടർന്ന് ടൗണിലെ ഹോട്ടലുകളുടെ എണ്ണം ചുരുങ്ങിയതോടെ തെരുവുനായ്ക്കൾക്ക്‌ ഭക്ഷണം ലഭിക്കുന്ന സാധ്യത ഇല്ലാതായിട്ടുണ്ട്. ഈ അവസരത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഭക്ഷണം എത്തിച്ചു നൽകിയത്.

Share this post:

13/05/2021
സംസ്ഥാനത്ത് കോവിഡ് കണക്കുകളിൽ കുറവ് വരാത്ത സാഹചര്യത്തിൽ ലോക് ഡൗൺ നീട്ടിയേക്കും. ഏററവും കൂടിയ പ്രതിദിനവര്‍ധനയും മരണങ്ങളും ടെസ്ററ് പോസിററിവിറ്റി നിരക്കുമാണ് ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസം കൊണ്ട് 745 പേര്‍ കോവിഡ് ബാധിതരായി മരണപെട്ടിരുന്നു. ഇതാണ് ലോക്ഡൗണ്‍ നീട്ടാനുള്ള സാധ്യത വർദ്ദിപ്പിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ തുടരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

‘ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ജില്ലകളും അടഞ്ഞുകിടക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി 5 – 10 ശതമാനത്തില്‍ എത്തുമ്പോള്‍ തുറക്കാം. പക്ഷേ അങ്ങനെ സംഭവിക്കണം. ആറ് മുതല്‍ എട്ട് ആഴ്ചവരെ അങ്ങനെ ഒന്ന് സംഭവക്കില്ല’,അദ്ദേഹം പറഞ്ഞു.

Share this post:

13/05/2021
കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളത്തെ ഭാരത് ബയോടെക് ഉള്‍പ്പെടുത്തിയില്ല. 18 സംസ്ഥാനങ്ങള്‍ക്കാണ് മേയ് ഒന്ന് മുതല്‍ കൊവാക്സിന്‍ ഭാരത് ബയോടെക്ക് നേരിട്ട് നല്‍കുക. ആദ്യപട്ടികയിലും കേരളം ഇടം പിടിച്ചിരുന്നില്ല. ദക്ഷിണേന്ത്യയില്‍ കേരളം മാത്രമാണ് പട്ടികയിലില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ത്രിപുര, തെലങ്കാന, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സിന്‍ വിതരണം ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ലഭ്യതക്കനുസരിച്ച് പരിഗണിക്കുമെന്നാണ് കമ്പനി വിശദീകരണം.

Share this post: