13/12/2017
ദോഹ. സി.ബി. എസ്. ഇ ഒമ്പത്, പത്ത് കഌസുകളില്‍ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് ഗ്രന്ഥകാരനും ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള് മുന്‍ അറബി വകുപ്പ് മേധാവിയുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ സി.ബി. എസ്. ഇ. അറബി ഗ്രാമര്‍ ആന്റ് കോംപോസിഷന്റെ പ്രകാശനം ദോഹയില്‍ ഗോള്‍ഡന്‍ ഓഷ്യന്‍ ഹോട്ടലില്‍ നടന്നു.
ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്ക്കൂള് പ്രസിഡണ്ട് ഹസന് ചൊഗ്ളേയാണ് പുസ്കത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ശാന്തി നികേതന്‍ ഇന്ത്യന്‍ സ്ക്കൂള് മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് കെ.സി. അബ്ദുല്‍ ലത്തീഫ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി
ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള് പ്രസിഡണ്ട് ഡോ. എം. പി. ഹസന് കുഞ്ഞി, ഭവന്‍സ് പബഌക് സ്ക്കൂള് പ്രസിഡണ്ട് പി. എന്‍. ബാബുരാജന്, നോബിള്‍ ഇന്റര്‍നാഷണല്‍ സ്ക്കൂള് ഫൗണ്ടര്‍ മെമ്പര്‍ ഡോ. എം. പി. ഷാഫി ഹാജി, വടക്കാങ്ങര നുസ്റതുല് അനാം ട്രസ്റ്റ് ചെയര്മാന് അനസ് അബ്ദുല്‍ ഖാദര്‍, അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വാര്‍സ് ചെയര്മാന് ശുക്കൂര്‍ കിനാലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഒമ്പത്, പത്ത് കഌസുകളിലേക്ക് സി.ബി.എസ്.ഇ നിര്‍ദേശിച്ച മുഴുവന്‍ ഗ്രാമര്‍ പാഠങ്ങളും ഉള്‍പ്പെടുത്തിയതിന് പുറമേ മാതൃകാ കോംപോസിഷനുകളും കത്തുകളും കഴിഞ്ഞ പത്ത് വര്‍ഷത്തെ സി.ബി. എസ്. ഇ. ചോദ്യ പേപ്പറുകളും ഉള്‍കൊള്ളുന്ന പുസ്തകം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ സഹായകരമാകുമെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പഠനം അനായാസമാക്കാനും കൂടുതല്‍ മാര്‍ക്ക് നേടുവാനും കഴിയുന്ന രൂപത്തിലാണ് പുസ്തകം സംവിധാനിച്ചിരിക്കുന്നത്.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡ്യൂമാര്‍ട്ട് പ്രസിദ്ധീകരിച്ച പുസ്തകം ഗള്‍ഫ് രാജ്യങ്ങളിലും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫിലെ ഇന്ത്യന്‍ സ്ക്കൂള് വിദ്യാര്‍ഥികളില്‍ അറബി ഭാഷയോടുള്ള താല്പര്യം ഏറി വരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഓരോ വര്‍ഷവും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ക്കൂളുകളില്‍ അറബി രണ്ടാം ഭാഷയായും മൂന്നാം ഭാഷയായും തെരഞ്ഞെടുത്ത് പഠിക്കുന്നവരുടെ എണ്ണം ഏറി വരികയാണ്. പാഠ്യ പദ്ധതിയെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ ഈ താല്പര്യത്തിന് കൂടുതല്‍ കരുത്തേകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.