Cinema
കാക്കമുട്ടകള്‍ നിറമുള്ള സ്വപ്‌നങ്ങളാണ്


അജിത് രുഗ്മിണി

പറഞ്ഞു മടുത്ത നൊസ്റ്റാള്‍ജിയകളില്‍ നിന്നും, മസാലകൊഴുപ്പിന്റെ ആവര്‍ത്തനങ്ങളില്‍ നിന്നും മാറി ചേരിജീവിതത്തിന്റെ നിഷ്‌കളങ്കമായ അനേകം ജീവിതങ്ങളെ ചിത്രീകരിക്കാനാണ് മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്കമുട്ട എന്ന സിനിമ ശ്രമിക്കുന്നത്.സിനിമ എന്നത് ഇരുപതാം നൂറ്റാണ്ടിലെ ശക്തമായ കലയാണെന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് 2014ലെ, മികച്ച കുട്ടികളുടെ സിനിമയായി തിരഞ്ഞെടുക്കപ്പെട്ട കാക്കമുട്ട. രമേഷ് എന്നും വിഗ്‌നേഷ് എന്നും പേരായ 2 പയ്യന്മാര്‍ പിസ്സ തിന്നാന്‍ നടത്തുന്ന പ്രവൃത്തികളും ആഗ്രഹസഫലീകരണവുമാണ് സിനിമ, എന്നാല്‍ ചിന്ന കാക്കമുട്ടയുടെയും പെരിയ കാക്കമുട്ടെയുടെയും ജീവിതവും നിരീക്ഷണങ്ങളും, നാഗരികതയുടെ പൊള്ളത്തരങ്ങളെയും പത്രാസുകളെയും ഒരുപാട് കളിയാക്കുന്നുണ്ട് എന്നതിലാണ് ‘കാക്കമുട്ട’യുടെ പ്രസക്തി.

ചേരിയോട് ചേര്‍ന്നുള്ള ആല്‍മരത്തില്‍നിന്നും കാക്കകള്‍ കാണാതെ മുട്ടയെടുത്ത് കഴിക്കുന്ന സഹോദരങ്ങളാണവര്‍.കോഴി മുട്ട കഴിക്കാന്‍ കിട്ടാത്തവരാണവര്‍, വാങ്ങാന്‍ കഴിയാത്തവരാണവര്‍. ഈ ‘കാക്കമുട്ടകള്‍ക്ക്’ കൊക്കക്കോള കുപ്പിയെന്നാല്‍ ബള്‍ബ് നനയാതിരിക്കാനുള്ള കൂടാണ്. അവര്‍ക്ക് പ്ലാസ്റ്റിക് കവര്‍ വെള്ളം കൊണ്ടുവരാനുള്ള പാത്രമാണ്. തെര്‍മോക്കോള്‍ പെട്ടി അവരുടെ ബോട്ടാണ്. നാഗരികതയുടെ വര്‍ണ്ണവൈവിധ്യ ഉഖ ഡാന്‍സുകളെ അവര്‍ വേറൊരു തരത്തില്‍ നിര്‍മിക്കുന്നുണ്ട്.

ആല്‍മരം മുറിക്കുമ്പോള്‍ കാക്കകള്‍ എങ്ങോട്ടുപോവുമെന്നവര്‍ ആശങ്കപ്പെടുന്നുണ്ട്. മരം മുറിച്ച് നിലം നികത്തി അവിടെ ‘പിസ്സ സ്‌പോട്ട്’ ഉയരുമ്പോഴും ചേരി ജീവിതങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധമാണ്. ആഗോളവല്‍ക്കരണവും നഗരവല്‍ക്കരണവും എങ്ങനെയാണ് മൂന്നാംലോക മനസ്സുകളില്‍ ആഗ്രഹങ്ങള്‍ രൂപീകരിക്കുന്നതെന്ന് ഈ സിനിമ പറയുന്നുണ്ട്. ഫ്രീയായി ലഭിക്കുന്ന ടെലിവിഷന്‍ പിസ്സ എന്ന ആഗ്രഹം വളര്‍ത്തുന്നു. പിസ്സ ഓര്‍ഡര്‍ ചെയ്യാന്‍ വേണ്ടി തങ്ങളുടെ വിലാസം എന്താണെന്ന് ആലോചിക്കുന്ന നിഷ്‌ക്കളങ്ക കാക്കമുട്ടകള്‍ ചേരികള്‍ നിറച്ചുമുള്ള ഇന്ത്യയുടെ നേര്‍ക്കെറിയുന്ന ചോദ്യമാവുന്നുണ്ട്. ചേരികളെ കുറിച്ച് വാചാലയായിക്കൊണ്ടിരിക്കുന്ന ചാനല്‍ റിപ്പോര്‍ട്ടറും കാമറയും കാക്കമുട്ടകള്‍ ആ വഴി വരുമ്പോള്‍, കരടു തടയാതിരിക്കാന്‍ അവരെ മാറ്റിനടത്തുന്നു. കാമറക്കും റിപ്പോര്‍ട്ടര്‍ക്കും നേരെയുള്ള കാക്കമുട്ടകളുടെ നോട്ടം മൂര്‍ച്ചയുള്ള മാധ്യമ വിമര്‍ശനത്തിന്റെതാവുന്നുണ്ട്. മുതലാളിത്ത ക്രമത്തിന്റെ ഞ െ299 ീിഹ്യ എന്ന ചെറിയ വില, കാക്കമുട്ടകള്‍ക്ക് വലിയ അധ്വാനമാണ്. കല്‍ക്കരി പെറുക്കി വിറ്റും, മദ്യപിച്ച് ലക്കുകെട്ടവരെ ഉന്തുവണ്ടിയില്‍ വീട്ടിലെത്തിച്ചും, നഗരത്തില്‍ നോട്ടീസ് വിതരണം ചെയ്തും, മതിലുകള്‍ വൃത്തിയാക്കിയും, വീടുകളിലേക്ക് വെള്ളമെത്തിച്ചുകൊടുത്തും അവര്‍ പൈസ സമ്പാദിക്കുന്നു.

നല്ല വസ്ത്രങ്ങള്‍ ഒപ്പിച്ച് കയറിചെല്ലുമ്പോഴും ‘പിസ്സ സ്‌പോട്ട്’ അവരെ തല്ലുകയും അകറ്റിനിര്‍ത്തുകയും ചെയ്യുന്നുണ്ട്. വലിയ വലിയ വ്യവസായങ്ങളും, പോലീസും, രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളെയും സിനിമ വിമര്‍ശിക്കുന്നുണ്ട്. ചാനലുകളില്‍ ചര്‍ച്ചയാവുകയും ബിസ്സിനെസ്സ് പൂട്ടേണ്ട സ്ഥിതിവരികയും ചെയ്യുമ്പോള്‍ പിസ്സ സ്‌പോട്ടും മുതലാളിയും കാക്കമുട്ടകള്‍ക്കുമുന്നില്‍ മുട്ടുമടക്കുന്നുണ്ട്. തങ്ങളുടെ ദോശയുടെയത്രപോലും രുചി പിസ്സക്കില്ലെന്ന് കക്കമുട്ടകള്‍ പരസ്പ്പരം പറയുന്നിടത്ത് ഈ ചെറിയ സിനിമ, വലിയ ലോകത്തിന്റെ പത്രാസ്സുകളെ ഒരിക്കല്‍ക്കൂടി വിമര്‍ശിക്കുന്നു.

മദ്യപാനവും പുകവലിയും മാത്രം നിറയുന്ന ‘പ്രേമ’കഥകളില്‍ മറന്നാടുന്ന നമ്മളെ നോക്കി നിഷ്‌ക്കളങ്കമായ ഒരു ചിരിയെറിയുന്നു കാക്കമുട്ട.

 

Share this post: