Cinema
മുന്നറിയിപ്പില്‍ പറഞ്ഞതും, പ്രേക്ഷകന് മനസ്സിലായതും

മുന്നറിയിപ്പില്‍ പറഞ്ഞതും, പ്രേക്ഷകന് മനസ്സിലായതും

ഭാഗം 1

സാരംഗ് പ്രേംരാജ്

ഓരോ വ്യക്തിക്കും താന്‍ സമൂഹത്തില്‍ കാണുന്ന കാഴ്ചകളെ കുറിച്ച് ഓരോ വീക്ഷണങ്ങളുണ്ട് എന്ന് എന്നെ മനസ്സിലാക്കി തന്ന എഴുത്തുകാരനാണു ജയചന്ദ്രന്‍ പരമേശ്വരന്‍ നായര്‍ എന്ന ഉണ്ണി.ആര്‍ .

അദ്ദേഹം തിരക്കഥ രചിച്ച് വേണു സംവിധാനം ചെയ്ത് 2014 ആഗസ്റ്റ് 22 നു പുറത്തിറങ്ങിയ മുന്നറിയിപ്പ് എന്ന ചിത്രത്തെ കുറിച്ച് വിശദമായി പറയാന്‍ ആഗ്രഹിച്ചതുമൂലം പ്രസ്തുത ചിത്രത്തെ കുറിച്ച് എഴുതപ്പെടുന്ന സീരീസിലെ ആദ്യ എഴുത്താണിത്.

നിങ്ങള്‍ ഒരു പുസ്തകവായനയില്‍ തീവ്രമായി ലയിച്ചുകൊണ്ടിരിക്കുകയാണെന്ന് വിചാരിക്കുക,ആ സമയം നിങ്ങളുടെ സുഹൃത്ത് നിങ്ങളെ മറ്റൊരു കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി സംസാരത്തിലൂടെയും അല്ലാതെയും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ആ സമയം നിങ്ങളുടെ താല്‍പ്പര്യമായ വായനയിലുള്ള ഹരത്തെ അയാള്‍ ഉപദ്രവിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെകില്‍ നിങ്ങളുടെ സ്വാതന്ത്രത്തെ അയാള്‍ നശിപ്പിക്കുന്നുണ്ടെന്ന് നമ്മുടെ സി.കെ.രാഘവന്‍ പറഞ്ഞുപോവും എന്നിടത്താണു ഇന്ത്യന്‍ ഭരണഘടന നിശ്ചയിച്ചിട്ടുള്ള ഒരു വ്യക്തിയുടെ അവനവന്റെ താല്‍പ്പര്യത്തോട് കൂടെ ജീവിക്കാനുള്ള സ്വാതന്ത്രം എന്ന അവകാശത്തെ മുന്നറിയിപ്പ് ഓര്‍മ്മപ്പെടുത്തുന്നത്.

ഒപ്പം തന്നെ നിങ്ങള്‍ സ്വാതന്ത്രം നേടിയെടുക്കാന്‍ വേണ്ടി നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനോട് നിങ്ങളുടെ ആവശ്യത്തെ പറഞ്ഞ് ബോധ്യപ്പെടുത്തി അയാളെ പറഞ്ഞയക്കുകയോ അയാളില്‍ നിന്ന് മാറി നില്‍ക്കുകയോ ചെയ്യാതെ അയാളെ കൊലചെയ്യുമ്പോള്‍ അവിടെ നിര്‍മ്മിക്കപ്പെടുന്നത് സുഹൃത്തിന്റെ ജീവിക്കാനുള്ള അവകാശമാണു എന്നുള്ളതും മുന്നറിപ്പിന്റെ മറുവായനയാണു.

എന്താണു ആദ്യ സീനായ പല്ലിയെ ഒത്തിരി ഉറുമ്പുകള്‍ തിന്നുന്നത് വഴി സംവിധായകന്‍ പറഞ്ഞ് വെച്ചിരിക്കുന്നത്?

രാഘവന്‍ അയാളുടെ ജീവിതത്തില്‍ കൊലപാതകിയാണോ അല്ലയോ എന്നുള്ളത് അല്ല അഞ്ജലി അറയ്ക്കല്‍ എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് തെളിയിക്കേണ്ടത്,

മറിച്ച് രാഘവന്റെ ജീവിതത്തിനു അയാളുടെ എഴുത്തിനു സമൂഹത്തില്‍ ബുദ്ധിപ്രധാനമായ ഫലം ഉണ്ടാക്കാന്‍ കഴിയുമെന്ന് മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ അഞ്ജലി തിരിച്ചറിയുന്നതാണു അഞ്ജലിക്ക് രാഘവനില്‍ ഉള്ള താല്‍പ്പര്യം.

രാഘവന്‍ ഒരുപാട് ഉറുമ്പുകളാല്‍ ചുറ്റപ്പെട്ട മരിച്ച പല്ലിയാണു,ഉറുമ്പുകള്‍ എന്നാല്‍ ഒരുപാട് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കോര്‍പ്പറൈറ്റ് ലോകമാണു.

ഉറുമ്പുകള്‍ തങ്ങള്‍ക്ക് ഭക്ഷിക്കാനാവശ്യമായ ഭക്ഷണം ലഭിക്കണം,ആ ഭക്ഷണം ആരോഗ്യത്തിനു ഗുണകരമായതാണോ അല്ലയോ എന്നത് ഉറുമ്പുകള്‍ക്ക് പ്രധാനമല്ല.മറിച്ച് അവര്‍ക്ക് രുചികരമായ സത്യസന്ധമായതും അസത്യമാര്‍ന്നതുമായ വസ്തുതകളെ അവര്‍ യാഥാര്‍ത്ഥ്യത്തെ കണ്ടുപിടിക്കാതെയോ ഉറപ്പില്ലാതയോ അവര്‍ പ്രസിദ്ധീകരിക്കും.
രാഘവന്റെ എഴുത്തുകള്‍ക്കുള്ളിലെ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാതെ തത്വശാസ്ത്രപരമായും ഫിലോസഫിക്കലായുമാണു അഞ്ജലി രാഘവനെ കുറിച്ച് ധാരണയിലെത്തിയത്.

ചത്ത പല്ലിയ്ക്കു ചുറ്റും പുതിയ ഉറുമ്പുകള്‍ വന്നുകൊണ്ടിരിക്കുന്നതിലൂടെ വരച്ചുകാട്ടപ്പെടുന്നത് ഒരുപാട് വ്യക്തികള്‍ ഒരു ഭക്ഷണം കൊള്ളാമെന്ന് പറഞ്ഞാല്‍ ആ കാര്യം വിശ്വസിച്ച് അതു തന്റെ ആവശ്യത്തിനു ഭക്ഷിക്കാന്‍ തേടിവരുന്ന ന്യൂസുകള്‍ ശേഖരിക്കാന്‍ പാഞ്ഞെത്തിയ പ്രിയ ജോസഫ് എന്ന മാധ്യമ പ്രവര്‍ത്തകയെയാണു.

അടുത്ത സീനിനെ കുറിച്ചുള്ള വിശദീകരണവുമായി സീരീസിന്റെ രണ്ടാം ഭാഗം തുടരും

 

Share this post: