Top Stories
അസാപ് പുതിയ മേഖലകളിലേയ്ക്ക്; യൂനിവേസിറ്റി പാഠ്യപദ്ധതിയില്‍ തൊഴില്‍ നൈപുണ്യവും
July 21, 2016

21-July-2016
മലപ്പുറം : വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കൂടുതല്‍ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. യൂനിവേസിറ്റി പാഠ്യപദ്ധതിയുമായി സംയോജിപ്പിച്ച് തൊഴില്‍ നൈപുണ്യ പരിശീലനം ആവിഷ്‌കരിക്കാനും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെയും കോളെജുകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനും എല്ലാ നിയോജക മണ്ഡലങ്ങളിലും സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ തുടങ്ങാനും ലക്ഷ്യമിടുന്നുണ്ട്. യൂനിവേസിറ്റി പാഠ്യപദ്ധതിയില്‍ തിരഞ്ഞെടുക്കാവുന്ന വിഷയമായോ (ഇലക്റ്റീവ് സബ്ജക്ട്) കോഴ്‌സിന്റെ ഭാഗമായോ തൊഴില്‍ നൈപുണ്യ പരിശീലനം ഉള്‍പ്പെടുത്തുന്നതോടെ കൂടുതല്‍ പേര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. സാധാരണ ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പോ ശേഷമോ അസാപ് ക്ലാസുകള്‍ തുടങ്ങും. അസാപ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അതത് കോളെജുകള്‍ക്കുണ്ടാവും. 2013-14 ല്‍ ജില്ലയില്‍ 57 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടങ്ങിയ അസാപ് 2015 വരെ 107 ബാച്ചുകള്‍ക്ക് പരിശീലനം നല്‍കി. 2016-17 ല്‍ 30 സ്ഥാപനങ്ങളില്‍ കൂടി ബാച്ചുകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നത്. ജില്ലയില്‍ നിലവിലുള്ള 12 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ കൂടാതെ രണ്ട് സെന്ററുകള്‍ കൂടി ഈ വര്‍ഷം തുടങ്ങും. കൃഷി,ഓട്ടോമോട്ടീവ്, ബ്യൂട്ടി ആന്‍ഡ് വെല്‍നെസ്, ബാങ്കിങ് ഫൈനാന്‍ഷന്‍ സര്‍വീസസ്,ഇന്‍ഷുറന്‍സ്-അക്കൗണ്ടിങ്, ഇലക്‌ട്രോണിക്‌സ്, ഫുഡ് പ്രോസസിങ്, ജെംസ് ആന്‍ഡ് ജ്വല്ലറി മേക്കിങ്, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ഐ.റ്റി, ഐ.റ്റി.ഇ.എസ് ലോജിസ്റ്റിക്‌സ്,അനിമേഷന്‍, പ്ലബിങ്, റീറ്റെയ്ല്‍, ടെലികോം തുടങ്ങിയ വിവിധ മേഖലകളിലാണ് തൊഴിലധിഷ്ഠിത പരിശീലനം നല്‍കുക. അസാപ് പരിശീലനത്തിന് അവസരം ലഭിക്കാതിരുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായി 150 മണിക്കൂര്‍ ഇന്റേന്‍ഷിപ്പോടെ സമ്മര്‍ സ്‌കില്‍ ട്രൈനിങ് പരിപാടിയും നടത്തിയിരുന്നു. അസാപിന് കീഴില്‍ രൂപവത്കരിച്ച പ്ലെയ്‌സ്‌മെന്റ് സെല്ലിന്റെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയവരുടെ ഡാറ്റാ ബാങ്കും തയ്യാറാക്കുന്നുണ്ട്. താത്പര്യമുള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി തുടങ്ങിയ ‘സംരഭ്’ പദ്ധതിയിലൂടെ ആദ്യ തൊഴില്‍ സംരംഭം തുടങ്ങാനുള്ള പ്രാരംഭ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി ജില്ലാ പ്രോഗ്രാം മാനേജര്‍ മേഴ്‌സി പ്രിയ അറിയിച്ചു. യുണൈറ്റഡ് നാഷന്‍സിന്റെ ആഹ്വാന പ്രകാരം ജൂലൈ 15 ലോകവ്യാപകമായി സ്‌കില്‍ ഡേ ആചരിക്കുന്നത് ഗുണമേ•-യുള്ള പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യമുള്ള ഒരു തലമുറയെയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും ലഭ്യമാക്കിയാണ്. മലപ്പുറം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വേള്‍ഡ് യൂത്ത് സ്‌കില്‍ ഡേ ആചരിച്ചു. പ്ലസ് വണ്‍ ക്ലാസുകളിലും ഒന്നാം വര്‍ഷ ഡിഗ്രിക്കും പഠിക്കുന്ന കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. 30 വിദ്യാര്‍ഥികള്‍ വീതമുള്ള രണ്ടു ബാച്ചുകള്‍ വരെ ഒരു വിദ്യാലയത്തിലുണ്ടാകും. തൊഴില്‍ നൈപുണ്യം നേടാനുള്ള കുട്ടികളുടെ വാസനയും താത്പര്യവും പരിഗണിച്ചാണ് തിരഞ്ഞെടുക്കുക. 100 മണിക്കൂര്‍കമ്മ്യൂനിക്കേറ്റീവ് ഇംഗ്ലീഷും 80 മണിക്കൂര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അടിസ്ഥാന വിവരങ്ങളും ചേര്‍ന്ന് 180 മണിക്കൂര്‍ ഫൗണ്ടേഷന്‍ മൊഡ്യൂളും തിരഞ്ഞെടുത്ത തൊഴില്‍ വൈദഗ്ധ്യ കോഴ്‌സിനൊപ്പം പഠിച്ചിരിക്കണം. സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് അസാപ് നല്‍കും. എ.പി.എല്‍, ജനറല്‍ കാറ്റഗറിയുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് 7500 മുതല്‍10,000 രൂപ വരെ ഫീസുള്ളത്.എസ്.സി, എസ്.റ്റി,ഒ.ബി.സി, ഒ.ഇ.സി,പി.എച്ച് വിഭാഗത്തിലുള്ളവര്‍ക്ക് പരിശീലനം സൗജന്യമാണ്. ജനറല്‍ കാറ്റഗറിയിലും ഒരു കോളെജില്‍ ഒരു വിദ്യാര്‍ഥിക്ക് സാമ്പത്തിക പിന്നാക്കനില പരിഗണിച്ച് സൗജന്യ പരിശീലനം നല്‍കും.

Share this post: