Exclusive News
ആത്മഹത്യ ചെയ്ത ബി.എസ്.എന്‍.എല്‍ തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണം എ.ഐ.ടി.യു.സി

മലപ്പുറം: ജോലി ചെയ്ത പത്ത് മാസത്തെ വേതനം നല്കാതിരുന്ന ബി.എസ്.എന്‍.എല്‍ നടപടിയെ തുടര്‍ന്ന് ഓഫീസില്‍ ആത്മഹത്യ ചെയ്ത രാമകൃഷ്ണന്റെ കുടുംബത്തിന് നഷ്ടപരിഹാരവും വേതന കുടിശ്ശികയും അടിയന്തിരമായി അനുവദിക്കണമെന്ന് എ.ഐ.ടി.യു.സി. മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുമാസത്തോളമായി ചെയ്ത ജോലിയുടെ കൂലി ചോദിച്ച് തൊഴിലാളികള്‍ സമരത്തിലാണ്.ശാരീരിക പരിമിതികള്‍ ഉണ്ടായിരുന്ന രാമകൃഷ്ണന്റെ ജോലി പകുതിയാക്കി കുറയ്ക്കുകയാണ് ബി എസ് എന്‍ എല്‍ ചെയ്തത്. പകുതി ജോലിയുടെ കൂലിയും കുടിശ്ശികയാക്കിയിരിക്കുന്നു. സ്ഥിരം തൊഴിലാളികളെ സ്വയം വിരമിക്കല്‍ വാഗ്ദാനം നല്‍കി പിരിച്ചയക്കാനും ബി എസ് എന്‍ എല്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. അര ലക്ഷത്തോളം വരുന്ന ബി എസ് എന്‍ എലിന്റെ മൂന്നിലൊന്ന് ജീവനക്കാരെയും പിരിച്ചു വിടുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പൊതുമേഖലയെ തകര്‍ത്ത് കേന്ദ്ര സര്‍ക്കാറിന്റെ വേണ്ടപ്പെട്ടവരായ സ്വകാര്യ നെറ്റ് വര്‍ക്കുകള്‍ക്ക് സഹായം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.  ഈ നയത്തിന്റെ ഇരയാണ് ആത്മഹത്യ ചെയ്ത തൊഴിലാളി.  രാജ്യം അഭിമുഖീകരിക്കുന്ന ജനവിരുദ്ധ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും മലപ്പുറത്ത് നടന്ന എ ഐ ടി യു സി ജില്ലാ കണ്‍വെന്‍ഷനും ഗുരുദാസ് ഗുപ്ത അനുസ്മരണ സമ്മേളനവും ആവശ്യപ്പെട്ടു. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ സി ജയപാലന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. എ അഹമ്മദ്, കെ മോഹന്‍ദാസ്, എം എ റസാഖ്, പി പി ലെനിന്‍ദാസ്, കെ പി ബാലകൃഷ്ണന്‍, എ കെ ജബ്ബാര്‍, ഇ സുജാത , എം ഉമ്മര്‍, മാനേരി ഹസ്സന്‍, ജി സുരേഷ് കുമാര്‍, കെ ശ്രീകുമാര്‍, ഹരീഷ് തിരൂര്‍ ,എരമംഗലം ഹംസ എന്നിവര്‍ സംസാരിച്ചു.

Share this post: