Exclusive News
ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തം; മുനവ്വറലി തങ്ങള്‍

27/11/2017

അര്‍ജുനനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചതില്‍ സന്തോഷം പങ്കുവെച്ച് മുനവ്വറലി തങ്ങള്‍.

മുനവറലി ശിഹാബ് തങ്ങളുടെ വാക്കുകള്‍

കുവൈത്ത് ജയിലില്‍ മരണത്തെ മുഖാമുഖം കണ്ട്, തൂക്കു കയറും കാത്ത് നിമിഷങ്ങള്‍ എണ്ണിയിരുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുനനെ തൂക്കു കയറില്‍ നിന്ന് രക്ഷിക്കാനായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തമായി ഞാന്‍ കണക്കാക്കുന്നു.
ഭര്‍ത്താവ് അര്‍ജുനന്റെ ജീവന്‍ രക്ഷിക്കാന്‍, 25 ലക്ഷം രൂപ ഇന്ന് രാവിലെ എളാപ്പ ഹൈദറലി ശിഹാബ് തങ്ങള്‍ അര്‍ജുനന്റെ ഭാര്യ മാലതിക്ക് കൈമാറിയപ്പോള്‍ സ്വന്തം ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ച് കിട്ടിയ സന്തോഷത്താല്‍ മാലതിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച മാലതി പാണക്കാടെത്തി സഹായം ആവശ്യപ്പെട്ടപ്പോള്‍ ഏറെ ആശങ്കയോടെയാണ് അത് ഏറ്റെടുത്തത്. എന്നാല്‍ അന്ന് രാത്രി രണ്ട് മണി വരെ വിദേശത്തടക്കമുള്ള എന്റെ സുഹൃത്തുക്കളുമായി നേരിട്ട് ഞാന്‍ വിഷയം ധരിപ്പിച്ചപ്പോള്‍ അവരെല്ലാം വളരെ ആവേശത്തോടെയാണ് മുന്നോട്ട് വന്നത്.
കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 14 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കും.
ഇതിനായി വലിയ തുക തന്നെ തന്ന ജിദ്ദയിലെ സഹ്‌റാന്‍ ഗ്രൂപ് ഓഫ് കമ്പനീസ് , എന്‍.എ ഹാരിസ് ഫൗണ്ടേഷന്‍, എ.എം.പി. ഫൗണ്ടേഷന്‍ മാള, സ്റ്റര്‍ ലിങ് ഇന്റര്‍ നാഷണല്‍ കുവൈത്ത്, സാലിം മണി എക്‌സ്‌ചേഞ്ച് യു.എ.ഇ എന്നീ കമ്പനി മേധാവികളെ ഞാന്‍ മുക്ത കണ്ഡം പ്രശംസിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ,

Share this post: